ദുബായില്‍ ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ കുറച്ച് കാലമായി ടെസ്റ്റ് ഡ്രൈവ് നടത്തുന്നുണ്ട്. ഈ പരീക്ഷണ ഓട്ടത്തിന്റെ വിജയം, ഡ്രൈവറില്ലാത്ത ടാക്‌സികളും ബസുകളും അടക്കമുള്ളവ റോഡില്‍ ഇറക്കാനുള്ള ശ്രമത്തിലേക്കാണ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയെ കൊണ്ടെത്തിച്ചത്. 2030 ആകുന്നതോടെ ദുബായിലെ 25 ശതമാനം വാഹനങ്ങളും ഡ്രൈവറില്ലാത്തതാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇനിയിതാ പറക്കുന്ന കാറുകളും ദുബായില്‍ വരാന്‍ പോകുന്നു. ഡ്രൈവറില്ലാതെ സ്വയം പറക്കുന്ന ഈ കാറ് ഒരാള്‍ക്ക് സഞ്ചരിക്കാനുള്ളതാണ്. കാറില്‍ കയറി സീറ്റ് ബെല്‍റ്റ് ധരിച്ച ശേഷം എത്തേണ്ട സ്വലം മുന്നിലെ സ്ക്രീനില്‍ തെരഞ്ഞെടുത്താല്‍ മാത്രം മതി. സ്വയം പറക്കുന്ന ഈ കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും.

ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയാണ് ഇത്തരം കാറുകള്‍ ദുബായില്‍ വരാന്‍ പോകുന്നത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ എന്ന് മുതല്‍ ഇത് സാധ്യമാകുമെന്നോ പരീക്ഷണ പറക്കലും മറ്റും എന്ന് തുടങ്ങുമെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വൈദ്യുതിയില്‍ ചാര്‍ജ്ജ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണിത്. മണിക്കൂറില്‍ ശരാശരി 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ പറക്കും കാറുകള്‍ക്ക് സാധിക്കും. മറ്റ് പല മേഖലകളിലെയും പോലെ ഗതാഗത രംഗത്തും ലോകത്ത് ഏറ്റവും മുന്നില്‍ തന്നെ നില്‍ക്കുകയാണ് ഈ മഹാനഗരമെന്ന് ദുബായ് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.