ദുബായ്: യു.എ.ഇയില്‍ മൂടല്‍ മഞ്ഞ് ബുധനാഴ്ച വരെ തുടരും. രാവിലകളിലും വൈകുന്നേരങ്ങളിലും മൂടല്‍ മ‌ഞ്ഞ് പലപ്പോഴും വിമാന ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. രാവിലകളിലും വൈകുന്നേരങ്ങളിലും മഞ്ഞ് കനക്കുന്നതോടെ വാഹനമോടിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്നു. ദൂരക്കാഴ്ച മങ്ങുന്നതിനാലാണിത്.

ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെ വിമാന ഗതാഗതത്തേയും പല ദിവസങ്ങളിലും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്. മഞ്ഞ് കാരണം ഷാര്‍ജയിലും ദുബായിലും ഇറങ്ങേണ്ട പല വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളില്‍ ഇറക്കിയിരുന്നു. ഈ വിമാനത്താവളങ്ങളില്‍ നിന്ന് പറന്നുയരേണ്ട വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു. ഇന്ന് മാത്രം ദുബായില്‍ നിന്നുള്ള 28 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്.

യു.എ.ഇയില്‍ മഞ്ഞ് മൂടിയ കാലാവസ്ഥ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്‍റെ വടക്കന്‍ എമിറേറ്റുകളിലും തീരദേശങ്ങളിലുമായിരിക്കും ഏറ്റവും കനത്ത മൂടല്‍ മഞ്ഞ്.

വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ദൂരക്കാഴ്ച കുറയുന്നതിനാല്‍ ഫോഗ് ലൈറ്റുകള്‍ ഇട്ട് മാത്രമേ വണ്ടിയോടിക്കാവൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. താപനിലയില്‍ ബുധനാഴ്ച വരെ കുറവ് അനുഭവപ്പടും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊടിക്കാറ്റിനുള്ള സാധ്യതയും കാലാസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.