തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പിനായി പാസ്‍വേഡുകള്‍ ചോർന്നത് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക് സെന്ററിൽ നിന്നെന്ന് ക്രൈം ബ്രാഞ്ച്. ബംഗാളിലെ അധ്യാപകനായ സാദിഖലിയാണ് വിവരങ്ങള്‍ ചോർത്തിയതെന്നാണ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ബാബുള്‍ ഹുസൈൻറെ മൊഴി.

കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങളിലും തട്ടിപ്പ് നടന്നതായും തെളിഞ്ഞു. കേരളത്തിന് പുറമെ തമിഴ്നാട്, രാജസ്ഥാൻ, ബിഹാർ, ഒറീസ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. ബംഗാളിൽ നിന്ന് സൈബർ പൊലീസ് അറസ്റ്റ് ചെയ്ത തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി ബാബുള്‍ ഹുസൈനാണ് നിർണായക മൊഴി നൽകിയത്.

അഞ്ചു സംസ്ഥാനങ്ങളിലേയും പോർട്ടലുകളിൽ ബാബുള്‍ നുഴഞ്ഞു കയറിയതിൻറെ തെളിവുകളും പൊലീസിന് ലഭിച്ചു. മമത സർക്കാർ ബംഗാളിലെ ന്യൂനപക്ഷ വിദ്യാർത്ഥിക്കായി കൊണ്ടുവന്ന കന്യാശ്രീയെന്ന സ്കോളർഷിപ്പ് പോർട്ടലില്‍ നിന്ന് പണം ചോർത്തിയെന്നും മുഖ്യപ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പോർട്ടലുകളിൽ നുഴഞ്ഞു കയറ്റം നടത്തി തട്ടിപ്പു നടത്താൻ ഒരു കമ്പ്യൂട്ടർ സ്ഥാപനം തന്നെ സംഘം നടത്തിയിരുന്നു. എൻഐസിയാണ് ന്യൂനപക്ഷ സ്കോളർഷിപ്പിന് വേണ്ടിയുള്ള സൈറ്റ് തയ്യാറാക്കിയത്. ഓരോ കോളജിനും രഹസ്യ പാസ് വേഡുകളുമുണ്ട്. ഈ പാസ്‍വേഡ് ചോർത്തി നൽകിയത് സാദിഖലിയെന്ന അധ്യാപകനാണെന്ന് ബാബുളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

സാദിഖലിക്ക് വേണ്ടി ബംഗാള്‍ പൊലീസിൻറെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാദിഖലിയുടെ അറസ്റ്റോട് കൂടി മാത്രമേ കേന്ദ്രസർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നുള്ള കാര്യം വ്യക്തമാകൂ.