ഇടുക്കി: തൊടുപുഴ മുട്ടത്ത് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഹൗസിംഗ് ബോര്‍ഡ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന ലോ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവം മറച്ചുവക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമം ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ക്ലാസിലിരിക്കെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ആറു വിദ്യാര്‍ത്ഥികളെയാണ് ആദ്യം തൊടുപുഴയില സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷെ സംഭവമറിഞ്ഞെത്തിയ പോലീസിനോടും മാധ്യമ പ്രവര്‍ത്തരോടും യാതൊന്നുമുണ്ടായിട്ടില്ലെന്നും പരാതിയില്ലെന്നും പറഞ്ഞ് അധികൃതര്‍ തട്ടിക്കയറി. പിന്നീട് കൂടുതല്‍ കുട്ടികളെ എത്തിച്ചതോടെയും വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായെത്തിയതോടെയുമാണ് വിദ്യാര്‍ത്ഥിനികളെ സംസാരിക്കാന്‍ അനുവദിച്ചത്.

വിഷബാധ സാരമാകാത്ത നാലു കുട്ടികളെ പ്രാഥമിക ചികിത്സകള്‍ക്കു ശേഷം വിട്ടയച്ചു. ഹോസ്റ്റലിലെ ഭക്ഷണം സ്ഥിരമായ് ആരോഗ്യ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് കുട്ടികള്‍ പരാതിപ്പെട്ടത്. പലപ്പോഴും ക്ലാസില്‍ പോകാന്‍ കഴിയാറില്ലെന്നും പോയാലും ശ്രദ്ധിക്കാന്‍ പറ്റാത്തത്ര അസ്വസ്ഥതകളുണ്ടാകുന്നതായും. വനിതാ പോലീസിന്‌ടെ സാന്നിദ്ധ്യത്തിലും ആദ്യം മൊഴി നല്‍കാത്ത വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കുന്ന മുറക്ക് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മുട്ടം പോലീസ് പറഞ്ഞു.