തിരുവനന്തപുരം: മീനിലെ രാസ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കാന്‍ ഉന്നതതലയോഗ തീരുമാനം. ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കും. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

സോഡിയം ബെന്‍സോയിറ്റ് ചേര്‍ത്ത മല്‍സ്യങ്ങള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണെന്ന തെളിവുസഹിതമുള്ള വാര്‍ത്ത ഫലം കണ്ടു. ഭക്ഷ്യസുരക്ഷ വിഭാഗം അടിയന്തര യോഗം ചേര്‍ന്നു. രാസവസ്തുക്കള്‍ ചേര്‍ന്ന മല്‍സ്യം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കും. ഇതിനായി പ്രത്യേക സംഘം പരിശോധന നടത്തും. വരുന്ന ആഴ്ചയില്‍ തന്നെ പ്രത്യേക സംഘത്തിന് രൂപം നല്‍കും. മല്‍സ്യ സംഭരണ ശാലകളും വിതരണ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാകും പ്രധാന പരിശോധന. ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ സാങ്കേതിക സഹായങ്ങള്‍ സിഎംഎഫ്ആര്‍ഐ, സിഫ്റ്റ്, എംപെഡാ തുടങ്ങി കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാകും മുന്നോട്ടുകൊണ്ടുപോകുക. പുറന്തോട് അഴുകാതിരിക്കാന്‍ മല്‍സ്യത്തില്‍ സോഡിയം ബെന്‍സോയിറ്റ് ചേര്‍ക്കുന്നതായുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ഉന്നതതലയോഗം വിളിച്ചത്.