തിരുവനന്തപുരം: എംആര്‍എ ബേക്ക് ഹൗസിന്റെ തിരുവനന്തപുരം കരമനയിലെ ബോര്‍മയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന ഒന്നും ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാറില്ലെന്ന്
എംആര്‍എ ഉടമസ്ഥര്‍ പ്രതികരിച്ചു.

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈല്‍ വിജിലന്‍സ് സ്ക്വാഡിന്റെ പരിശോധനയിലാണ് എം ആര്‍ എ ബേക്ക് ഹൗസിന്റെ ബോര്‍മയില്‍ പ്രശ്നം കണ്ടെത്തിയത്. സൗന്ദര്യ വര്‍ധനക്ക് ഉപയോഗിക്കുന്ന റോസ് വാട്ടര്‍ പാചകത്തിന് ഉപയോഗിക്കുന്നൂവെന്നാണ് സ്ക്വാഡ് കണ്ടെത്തിയത്.ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ ചേര്‍ന്ന ഈ റോസ് വാട്ടര്‍  ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാത്തതുമാണ്.

പാചകത്തിന് റോസ് വാട്ടര്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബോര്‍മയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ റോസ് വാട്ടര്‍ പാചകത്തിനുപയോഗിക്കുന്നതല്ലായെന്നാണ് എം ആര്‍ എ ബേക്ക് ഹൗസ് അധികൃതരുടെ വിശദീകരണം. ഉല്‍സവസീസണുമായി ബന്ധപ്പെട്ടാണ് ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്. 17 ടീമുകളായി തിരിഞ്ഞ് സംസ്ഥാനത്ത് ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്ന പരിശോധന പന്ത്രണ്ടാം തിയതി വരെ തുടരും.