വരിനില്‍ക്കാതെ ദര്‍ശനം നടത്താൻ ചിലര്‍ അനധികൃതമായി  പൈസ വാങ്ങി സൗകര്യം ഒരുക്കുന്നത് ദേവ്സവത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനാണ് പുതിയ പരിഷ്കാരം.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരം രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തിയാല്‍ വരിനില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിന് സൗകര്യമൊരുക്കി ഗുരുവായൂര്‍ ദേവസ്വം. ഭക്തരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ അ‍‍ഡ്വ.കെബി മോഹൻദാസ് അറിയിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പലപ്പോഴും മണിക്കൂറുകളോളം വരിനില്‍ക്കേണ്ടിവരാറുണ്ട്. വരിനില്‍ക്കാതെ ദര്‍ശനം നടത്താൻ ചിലര്‍ അനധികൃതമായി പൈസ വാങ്ങി സൗകര്യം ഒരുക്കുന്നത് ദേവസ്വത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനാണ് പുതിയ പരിഷ്കാരം.

നിലവില്‍ 4500 രൂപയ്ക്ക് നെയ് വിളക്ക് വഴിപാട് നടത്തിയാല്‍ അഞ്ച് പേര്‍ക്ക് വരിനില്‍ക്കാതെ ദര്‍ശനം നടത്താം.ദര്‍ശനത്തിന് ഒന്നോ രണ്ടോ പേര്‍ വരുമ്പോഴും 4500 രൂപ കൊടുക്കുന്നത് ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കും.

എപ്രില്‍,മെയ് മാസങ്ങളില്‍ ഉച്ചയ്ക്ക് നട അടയ്ക്കേണ്ടതില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് രണ്ടരക്കായിരിക്കും നട അടയ്ക്കുക.