റാഞ്ചി: ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശ പ്രകാരം ആധാര്‍ ലിങ്ക് ചെയ്യാത്തതിനാല്‍ സൗജന്യ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് 11 കാരി പട്ടിണി കിടന്നു മരിച്ചു. കഴിഞ്ഞ സെപ്തംബര്‍ 28നാണ് സന്തോഷികുമാരി പട്ടിണി മരണത്തിന് കീഴടങ്ങിയത്. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. നാല് ദിവസത്തോളം ഒന്നും കഴിക്കാതിരുന്ന കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് സന്തോഷി കുമാരിയുടെ മാതാവ് പറഞ്ഞതായി സന്നദ്ധ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

സ്‌കൂളില്‍ നിന്ന് ലഭിക്കുന് ഭക്ഷണമായിരുന്നു ഏക ആശ്രയം. നവരാത്രി അവധിയായതിനാല്‍ സംപ്തംബര്‍ 20 മുതല്‍ സ്‌കൂള്‍ തുറന്നില്ല. അതേസമയം തന്നെ ആധാറും റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി സൗജന്യ റേഷന്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നിഷേധിച്ചു. 

പെണ്‍കുട്ടിയുടെ അച്ഛന്‍ അസുഖ ബാധിനാണ്. ഇയാള്‍ക്ക് കൃത്യമായ ജോലിയും വരുമാനവുമില്ല. അമ്മയും മൂത്തസഹോദരിയും മാസത്തില്‍ സമ്പാദിക്കുന്ന 80 രൂപയാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇളയ സഹോദരന് അങ്കണവാടിയില്‍ നിന്ന് ലഭിക്കുന്ന ആഹാരം പങ്കിട്ടാണ് കുടുംബം മിക്ക ദിവസങ്ങളിലും വിശപ്പടക്കുന്നത്. എന്നാല്‍ കുട്ടി മരിച്ചത് മലേറിയ ബാധയെ തുടര്‍ന്നാണെന്നാണ് അധികൃതരുടെ വാദം.

എന്നാല്‍ സൗജന്യ റേഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിന്ന് കുടുംബത്തെ ഒഴിവാക്കിയതായി ജല്‍ഡേഗ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സഞ്ജയ് കുമാര്‍ സമ്മതിച്ചു. പുതിയ ലിസ്റ്റ് വന്നപ്പോള്‍ പിഴവ് സംഭവിച്ചതാകാം എന്നും അദ്ദേഹം വ്യക്തമാക്കി. ആധാറുമായി ബന്ധിപ്പിക്കലിന് ജാര്‍ഖണ്ഡില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും അവസാന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.