സോഫ്റ്റ്‍വെയര്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫിഗോ, ആസ്‌പെയര്‍ മോഡല്‍ കാറുകളുടെ വില്‍പന അടിയന്തിരമായി നിര്‍ത്തിവെയ്‌ക്കാന്‍ ഫോഡ് തീരുമാനിച്ചു. അപകട സമയത്ത് എയര്‍ ബാഗുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന തകരാറാണ് രണ്ട് മോഡലുകളിലും കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം വിറ്റഴിച്ച 42,300 കാറുകള്‍ തിരിച്ചുവിളിക്കാനും കമ്പനി തീരുമാനിച്ചതായാണ് വിവരം. സുരക്ഷ മുന്‍നിര്‍ത്തി ഏപ്രില്‍ 12 വരെ ഗുജറാത്തിലെ സനാനന്ദ് പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങിയ കാറുകളാണ് തിരിച്ചുവിളിക്കുകയെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കിയത്. ഡീലര്‍മാര്‍ വഴി സൌജന്യമായി തകരാര്‍ പരിഹരിച്ച് നല്‍കും. കഴിഞ്ഞ നവംബറില്‍ ഇക്കോ സ്‌പോര്‍ട്ടിന്റെ 16,444 വാഹനങ്ങള്‍ ഫോര്‍ഡ് തിരിച്ചുവിളിച്ചിരുന്നു. സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ കണ്ടെത്തിയ തകരാറിനെ തുടര്‍ന്നായിരുന്നു നടപടി.2013 സെപ്തംബറില്‍ 166,021 ഫിയസ്റ്റ, ഫിഗോ കാറുകളും പവര്‍ സ്റ്റിയറിങ് തകരാറുകളെ തുടര്‍ന്ന് തിരിച്ചുവിളിച്ചിരുന്നു. ഇപ്പോള്‍ ഷോറൂമുകളിലുള്ള വാഹനങ്ങളിലെ തകരാറുകൂടി പരിഹരിച്ച ശേഷം ഉടന്‍ വില്‍പ്പന പുനരാരംഭിക്കുമെന്നാണ് കമ്പനി വ്യക്താമാക്കുന്നത്.