മസ്കറ്റ്: ഒമാനില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കാന്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. ഇനിമുതല്‍ പുതിയ ബിസിനസ് തുടങ്ങാന്‍ നിശ്ചിത മൂലധനം ആവശ്യമില്ല. നിക്ഷേപകര്‍ക്ക് നിരവധി സൗകര്യങ്ങളും അധികൃതര്‍ ഒരുക്കുന്നത്. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ചുരുങ്ങിയ മൂലധനം ആവശ്യമാണെന്ന നിയമം ഏതാനും ആഴ്ചക്കുള്ളില്‍ പിന്‍വലിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ അറിയിച്ചു . ഇത് സംബന്ധമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായും വാണിജ്യ വ്യവസായ മന്ത്രിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമം നടപ്പിലാവുമെന്നും മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ബിസിനസ് പങ്കാളിയായി സ്വദേശി വേണമെന്ന നിയമം തുടരുമെന്നും അധികൃതര്‍ പറഞ്ഞു. അതോടൊപ്പം ലോക ബാങ്കുമായി സഹകരിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപ നിയമം തയ്യാറാക്കി വരികയാണെന്നും അധികൃതര്‍ പറയുന്നു. ചില മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതടക്കമുള്ളവ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും. നിലവില്‍ പുതിയ ബിസിനസ് ആരംഭിക്കാനുള്ള ചുരുങ്ങിയ മൂല ധനം 1,50,000 ഒമാനി റിയാലാണ്. ഏകദേശം രണ്ടര കോടി ഇന്ത്യന്‍ രൂപ, നടപടി ക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി പുതിയ കമ്പനികളുടെ അംഗീകാരത്തിന് എല്ലാ കടലാസ് ജോലികളും ഒഴിവാക്കുകയും ഒമാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍റ് ഇന്‍റസ്ട്രി, മുനിസിപ്പാലിറ്റി എന്നിവയുടെ അംഗീകാരം ഓന്‍ ലൈന്‍ വഴിയാക്കും.

ഡിജിറ്റല്‍ ഒപ്പ് കൂടി പ്രാവര്‍ത്തിക മാവുന്നതോടെ ഉടമക്ക് ഓഫീസ് കയറി ഇറങ്ങാതെ അംഗീകാരം നേടാനാവും. എല്ലാ പേപറുകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. ഇത് അറ്റസ്റ്റേഷന്‍ തുടങ്ങിയ ഒഴിവക്കാന്‍ സഹായിക്കും. ഇതോടെ കൂടുതല്‍ നിക്ഷേപകരും സംരംഭകരും ഒമാനില്‍ മുതല്‍ മുടക്കാന്‍ രംഗത്ത് വരുമെമെന്നും വാണിജ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു.