ദില്ലി: ഇറാനില്‍ സന്ദര്‍ശനം നടത്തിനിടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഷാള്‍ ഉപയോഗിച്ച് തല മറച്ചതിനെ കളിയാക്കിയും അനുകൂലിച്ചും നവമാധ്യമങ്ങളില്‍ വാദപ്രതിവാദം. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി സുഷമ തല മറച്ച് കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് ട്വിറ്ററിലും ഫേസ് ബുക്കിലും വൈറലായത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനിലെത്തിയത് മുതല്‍ സാരി ഉപയോഗിച്ചും ഷാള്‍ ഉപയോഗിച്ചും തലമറച്ചാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രത്യക്ഷപ്പെട്ടത്. പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമായുള്ള കൂടിക്കാഴ്ചയില്‍ പിങ്ക് സാരി ധരിച്ച സുഷമ സ്വരാജ് അതേ നിറമുള്ള ഷാള്‍ ഉപയോഗിച്ച് മുഖം ഒഴികെ മറച്ച ചിത്രം വിദേശകാര്യമന്ത്രാലയ വക്താവാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

തൊട്ടുപിന്നാലെ സുഷമയുടെ വേഷത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നവമാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങി.. മന്ത്രി പിങ്ക് നിറത്തിലുള്ള ചാക്കാണ് ധരിച്ചതെന്ന് തുടങ്ങി ഇറാന്‍ പ്രസിഡന്‍റ് ഇന്ത്യയിലെത്തിയാല്‍ ഇവിടുത്തെ പരമ്പരാഗത വേഷം ധരിക്കാന്‍ തയ്യാറാകുമോ എന്നിങ്ങനെ കളിയാക്കലും വിമര്‍ശനവും തുടരുന്നു. അതേ സമയം വിദേശകാര്യമന്ത്രിയുടെ വസ്ത്രമല്ല ഇറാനുമായി സുഷമയുടെ നേതൃത്വത്തിലുള്ള സംഘം ഒപ്പിട്ട കരാറുകളാണ് ചര്‍ച്ചയാക്കേണ്ടതെന്ന് മറ്റൊരു വിഭാഗം മറുപടിയുമായെത്തി.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്നാണ് ഇറാനിലെ നിയമം. 2014ല്‍ ഇറാന്‍ സന്ദര്‍ശിക്കാനെത്തിയ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രി എമ്മ ബൊനിനോ ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മിതിച്ചെങ്കിലും സന്ദര്‍ശനം റദ്ദാക്കുമെന്ന് അധികൃതരുടെ ഭീഷണിക്കുമുന്നില്‍ ഒടുവില്‍ വഴങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാന്‍ സന്ദര്‍ശിച്ച ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പും ശിരോ വസ്ത്രം ധരിച്ചിരുന്നു.