റിയാദ്: സൗദി തൊഴിൽ വിപണിയിൽ തൊഴിലില്ലായ്മ ഇല്ല. മറിച്ചു ലഭ്യമായ തൊഴിലുകളുടെ ഇനത്തിലാണ് പ്രശ്നമുള്ളതെന്നു ഡപ്യൂട്ടി തൊഴില്‍ - സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു. സ്വദേശികൾക്കു മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പരിഷ്‌ക്കരിച്ച നിതാഖത്ത് ഡിസംബറിൽ പ്രാബല്യത്തിൽ വരും.

നിലവിൽ പ്രതിവർഷം 15 ലക്ഷം വിദേശ തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട്‍ ചെയ്യുന്നുണ്ട്. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ സ്വകാര്യമേഘലയിൽ 13 ലക്ഷം സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ചില്ലറ വ്യാപാര മേഖല സഹായിക്കും.

15 ലക്ഷം പേരാണ് ചില്ലറ വ്യാപാര മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 12 ലക്ഷവും വിദേശികളാണ്. വേതനകുറവ് മൂലം ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ വിദേശ തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. ഇതാണ് ചില്ലറ വ്യാപാര മേഘലയിൽ വിദേശ തൊഴിലാളികൾ 70 ശതമാനമായി ഉയരുന്നതിനു കാരണമാകുന്നത്.