കൊല്ലം: പുറം കടലില്‍ മത്സ്യബന്ധന വള്ളത്തിലിടിച്ച വിദേശ കപ്പലിനെ തിരികെ ഇന്ത്യയിലെത്തിക്കും. അപകടമുണ്ടായ ദിവസം മുതല്‍ കപ്പല്‍ കണ്ടെത്തി തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നാവിക സേന തുടര്‍ന്നുവരികയായിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് ഹോങ്കോങ്ങ് രജിസ്ട്രേഷനുള്ള കപ്പല്‍ അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം അന്‍ഡമാനിലെ പോർട്ട്‍ബ്ലെയറില്‍ കപ്പലെത്തിക്കുമെന്ന് അധികൃതര്‍ നാവികസേനയെ അറിയിച്ചു. കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറലാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കൊല്ലം തീരത്ത് നിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെ അപകടമുണ്ടായത്. ആറ് തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്. സമീപത്ത് മറ്റ് ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികള്‍ ഇവരെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. കരയുമായി ബന്ധപ്പെടാനുണ്ടായ കാലതാമസത്തെ തുടര്‍ന്ന് നേവിയും കോസ്റ്റ്ഗാര്‍ഡും സംഭവം വൈകിയാണ് അറിഞ്ഞത്. അപ്പോഴേക്കും കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നുപോയിരുന്നു. അന്താരാഷ്ട്ര കപ്പല്‍ ചാല്‍ വഴി അന്ന് കടന്നുപോയ കപ്പലുകളില്‍ ഏതാണ് അപകടം വരുത്തിയതെന്ന് പരിശോധിച്ച ഉറപ്പാക്കിയ ശേഷം നാവിക സേനയുടെ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെട്ട് കപ്പലിനായി തെരച്ചില്‍ നടത്തി. ആന്‍ഡമാനില്‍ നിന്നുള്ള ഒരു യുദ്ധക്കപ്പലും കപ്പലിനെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു.
കപ്പല്‍ ശ്രീലങ്കന്‍ തീരത്താണെന്ന് മനസിലാക്കിയ ശേഷം ശ്രീലങ്കന്‍ നാവിക സേനയുടെ സഹായം തേടിയിരുന്നു. തുടര്‍ന്ന് ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് അവിടെ നിന്നും അനുവാദവും കിട്ടി. നേവിയുടെ ശക്തമായ ഇടപെടലിനൊടുവിലാണ് കപ്പല്‍ തിരികെ എത്തിക്കാമെന്ന് കമ്പനിക്ക് സമ്മതിക്കേണ്ടി വന്നത്. കൊച്ചിയിലോ ആന്‍ഡമാനിലോ കപ്പല്‍ എത്തിക്കണമെന്നായിരുന്നു നാവിക സേന അറിയിച്ചത്. ഇതനുസരിച്ചാണ് ആന്‍ഡമാനിലെ പോര്‍ട്ട്ബ്ലെയറില്‍ കപ്പല്‍ എത്തിക്കാമെന്ന് കമ്പനി അറിയിച്ചത്.
