മൃതദേഹം കണ്ടെത്തിയ  സ്ഥലത്ത്  വീണ്ടും പരിശോധന 

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ കൊലയാളികള്‍ക്ക് മയക്കുമരുന്ന് നൽകിയവർക്കുവേണ്ടി പൊലീസ് അന്വേഷണം. വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് വീണ്ടും പരിശോധന നടത്തി. കസ്റ്റഡയിലുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥല പരിശോധന. ഗ്രോ ബീച്ചിൽ നിന്നും വാഴമുട്ടത്തേക്ക് വിദേശ വനിതയെ കൂട്ടികൊണ്ടുവന്നതിനെ കുറിച്ചാണ് വിശദമായി ചോദിച്ചറിഞ്ഞത്. 

ഈ സ്ഥലത്തിൻറെ രൂപ രേഖ തയ്യാറാക്കിയ വിശദമായ അന്വേഷണം നടത്തുന്നതിൻറെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണർ ദിനിലിൻറെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയത്. മൊഴികള്‍ മാറ്റി പറയുന്ന പ്രതികളെ മനോരോഗ വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസിൻറെ ചോദ്യം ചെയ്യൽ. ഉമേഷ്, ഉദയൻ എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ ഉദയൻറെ പങ്കിനെ കുറിച്ച് ഉമേഷാണ് പൊലീസിന് മൊഴി നൽകിയത്.

പക്ഷെ ഉമേഷ് പറയുന്നതിന് വിരുദ്ദമായാണ് കാര്യങ്ങളാണ് ടൂറിസ്റ്റ് ഗൈഡുകൂടിയായ ഉദയന്‍ പറയുന്നത്. വിദേശ വനിത ഗ്രോ ബീച്ചിലെത്തിയ സമയം , വാഴമുട്ടത്തെ പൊന്തക്കാടുവൃവരെ എത്താൻ സാധ്യതയുള്ള വഴി, യാത്രക്കെടുത്ത സമയം എന്നിവ പരിശോധിച്ച് ശാത്രീയമായ അന്വേഷണവുമായാണ് പൊലീസ് മുന്നോട്ടുപോകുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെ സ്ഥലത്തുകൊണ്ടുപോയി പരിശോധന നടത്തും. കഞ്ചാവാണ് വിദേശ വനിതയ്ക്ക് നൽകിയതെന്നാണ് പ്രതികളുടെ മൊഴി. ഇവർക്ക് ക‌ഞ്ചാവ് നൽകുന്നവർക്കെതിരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചനയും പൊലീസ് നൽകുന്നു. ഈ മാസം 17വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.