ബിജെപി മൃതദേഹത്തെ വരെ അപമാനിക്കുന്നു ബി.ജെ.പി ഉന്നയിക്കുന്ന വര്‍ഗ്ഗീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസിലാകും രൂക്ഷ വിമര്‍ശനവുമായി മന്ത്രി

തിരുവനന്തപുരം: ലാത്വിയ സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് എതിരെ രംഗത്ത് വന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൃതദേഹത്തെ വരെ അപമാനിക്കുന്ന മനുഷത്വം ഇല്ലാത്തവരാണ് ബിജെപി. ലാത്വിയ സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും സഹോദരിയുടെയും ആഗ്രഹം കണക്കിലെടുത്താണ് മൃതദേഹം ശാന്തികവാടത്തില്‍ അവരുടെ മതാചാര പ്രകാരമുള്ള ചടങ്ങുകളോടെ സംസ്കരിച്ചത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

ഇതിനെതിരെ ബി.ജെ.പി ഉന്നയിക്കുന്ന വര്‍ഗ്ഗീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസിലാകും. എന്നാല്‍ ബി.ജെ.പിയുടെ ആവശ്യപ്രകാരം ഏകപക്ഷീയമായി ഉത്തരവ് ഇറക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശം സംരക്ഷിക്കുകയല്ല, ലംഘിക്കുകയാണ് ചെയ്തത്. മനുഷ്യത്വമില്ലാത്ത ബി.ജെ.പിയെ പോലെ മനുഷ്യാവകാശ ലംഘകരാകരുത് മനുഷ്യാവകാശ കമ്മീഷന്‍. വിദേശ വനിതയുടെ സംസ്കാര ചടങ്ങ് തടയാന്‍ ഓലപാമ്പ് പോലുള്ള ഉത്തരവുമായി ഓടിയെത്തിയ ബി.ജെ.പിക്കാരന്‍ സ്വയം അപഹാസ്യനാകുക മാത്രമല്ല, സാമാന്യ മര്യാദ മാത്രമില്ലാത്തവരാണെന്ന് തെളിയിക്കുകയായിരുന്നു. എന്തിലും ഏതിലും വര്‍ഗ്ഗീയത കാണിക്കുന്നവരെ, നാട് നിങ്ങളെ വെറുക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ലാത്വിയ സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് എതിരെ രംഗത്ത് വന്നവര്‍ മൃതദേഹത്തെ വരെ അപമാനിക്കുന്ന മനുഷത്വം ഇല്ലാത്തവരാണ്. ലാത്വിയ സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും സഹോദരിയുടെയും ആഗ്രഹം കണക്കിലെടുത്താണ് മൃതദേഹം ശാന്തികവാടത്തില്‍ അവരുടെ മതാചാര പ്രകാരമുള്ള ചടങ്ങുകളോടെ സംസ്കരിച്ചത്. ഇതിനെതിരെ ബി.ജെ.പി ഉന്നയിക്കുന്ന വര്‍ഗ്ഗീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസിലാകും. എന്നാല്‍ ബി.ജെ.പിയുടെ ആവശ്യപ്രകാരം ഏകപക്ഷീയമായി ഉത്തരവ് ഇറക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശം സംരക്ഷിക്കുകയല്ല, ലംഘിക്കുകയാണ് ചെയ്തത്. 

ക്രിസ്തീയ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്നും മറവ് ചെയ്യണമെന്നും ഉത്തരവിറക്കാന്‍ കമ്മീഷന് എന്താണ് അധികാരമെന്നു മനസ്സിലാകുന്നില്ല. മൃതദേഹം ദഹിപ്പിക്കുന്നത് ക്രിസ്തീയ ആചാര പ്രകാരം അനുവദനീയമാണെന്ന് ആദരണീയനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് പോലും അറിയാതെയാണോ കമ്മീഷന്‍ മത കാര്യങ്ങളുടെ അപ്പോസ്തലനാകുന്നത്. ‘അഡ് റസൂര്‍ജീണ്ടം കം ക്രിസ്തോ’ എന്ന വത്തിക്കാന്‍ നിര്‍ദേശത്തെ കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ മാത്രമേ ക്രിസ്തീയ ആചാര പ്രകാരം മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്ന് പറയുകയുള്ളു. 

ഇതിനേക്കാള്‍ ഗൗരവതരമാണ് മരിച്ച ലാത്വിയ സ്വദേശിനിയുടെ ബന്ധുക്കളുടെ അഭിപ്രായം പോലും ചോദിക്കാതെ എടുത്ത് ചാടി ഉത്തരവ് ഇറക്കിയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ലാത്വിയ സ്വദേശിനിയുടെ കുടുംബത്തിന്റെയാകെ ആവശ്യപ്രകാരം അവരുടെ മതാചാരങ്ങള്‍ പാലിച്ച് വൈദിക സാന്നിധ്യത്തിലാണ് മൃതദേഹം സംസ്കരിച്ചതെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം കമ്മീഷന് ഉണ്ടാകണം. മനുഷ്യത്വമില്ലാത്ത ബി.ജെ.പിയെ പോലെ മനുഷ്യാവകാശ ലംഘകരാകരുത് മനുഷ്യാവകാശ കമ്മീഷന്‍. 
വിദേശ വനിതയുടെ സംസ്കാര ചടങ്ങ് തടയാന്‍ ഓലപാമ്പ് പോലുള്ള ഉത്തരവുമായി ഓടിയെത്തിയ ബി.ജെ.പിക്കാരന്‍ സ്വയം അപഹാസ്യനാകുക മാത്രമല്ല, സാമാന്യ മര്യാദ മാത്രമില്ലാത്തവരാണെന്ന് തെളിയിക്കുകയായിരുന്നു. എന്തിലും ഏതിലും വര്‍ഗ്ഗീയത കാണിക്കുന്നവരെ, നാട് നിങ്ങളെ വെറുക്കുന്നു.....