മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: തിരുവല്ലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗ കൊല്ലപ്പെട്ടതാണെന്ന സംശയം ബലപ്പെടുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കൂടി പുറത്തുവന്നതോടെ ഇക്കാര്യം പൊലീസ് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരുടെ കണ്ടെത്തിലുകളും ഇത് ശരിവെയ്ക്കുന്നതാണ്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലെ അസ്ഥികൾക്ക് ഒടിവുമുണ്ടായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തു ഞെരിച്ചത് കൊണ്ടതാകാം തലച്ചോറിൽ രക്തം കട്ടപിടിക്കാനിടയാക്കിയതെന്നാണ് അനുമാനം. കാലിൽ കണ്ട ആഴമേറിയ മുറിവും സംശയം ബലപ്പെടുത്തുന്നു. കാട്ടുവള്ളികള്‍ കൊണ്ട് കഴുത്തുഞെരിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. കെട്ടിത്തൂക്കാനുള്ള സാധ്യത കുറവാണെന്നാണ് ഫോറൻസിക് സംഘം പറയുന്നത്.

ആരോ ബലം പ്രയോഗിച്ച് തള്ളിയിട്ടപോലെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. തന്ത്രപൂർവ്വം ലിഗയെ വാഴമുട്ടത്തെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാനുള്ള ശ്രമാണ് നടന്നതെന്ന് അന്വേഷണ സംഘം അനുമാനിക്കുന്നു. ഇത് എതിർത്തത് കൊണ്ട് ശ്വാസം മുട്ടിച്ചതാകാണെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്നും പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മുടിയിഴകള്‍ ഫോറന്‍സിക് സംഘം ശേഖരിച്ചിരുന്നു.