ഇടുക്കി: റവന്യൂ - വനം വകുപ്പുകൾ ഇടുക്കിയിൽ നടത്തുന്ന മികച്ച പ്രവര്‍ത്തനത്തി‍ന്‍റെ ക്രെഡിറ്റ് തട്ടാൻ സിപിഎം ശ്രമിക്കുന്നുവെന്ന് വനം മന്ത്രി കെ രാജു. ഇതിനാണ് പലരും നിരന്തരം സിപിഐക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്. സിപിഐ ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് മന്ത്രി കെ. രാജു സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
സിപിഐ കൈകാര്യം ചെയ്യുന്ന വനം, റവന്യൂ വകുപ്പുകൾ മികച്ച പ്രവര്‍ത്തനമാണ് ഇടുക്കിയിലെ ഭൂമി വിഷയങ്ങളില്‍ നടത്തുന്നത്. ചിലർ ഇതിൻറെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് കെ,രാജു പ്രതിനിധി സമ്മേളനത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിപിഎം - സിപിഐ ബന്ധം വഷളാകാന്‍ കാരണം മന്ത്രി എം.എം മണിയാണെന്ന് പൊതു ചര്‍ച്ചയിൽ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മറ്റേതെങ്കിലും പാര്‍ട്ടിയായിരുന്നെങ്കില്‍ നേരത്തെ മണിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമായിരുന്നു. ഭരണകാര്യങ്ങളില്‍ പിണറായിക്ക് ഉണ്ടാകുന്ന പരാജയത്തിലെ ജാള്യത മറയ്ക്കാനാണ് എംഎം മണിയെ കയറൂരി വിട്ടിരിക്കുന്നതെന്നുവരെ പ്രതിനിധികൾ കുറ്റപ്പെടുത്തി. സിപിഐ മന്ത്രിമാര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനാണ് ചർച്ചയിൽ ഉയർന്നത്. 

കൃഷിമന്ത്രിയുടെ തുടക്ക കാലത്തെ പ്രവർത്തനം മികച്ചതായിരുന്നെങ്കിലും മണ്ഡരി ബാധിച്ച തെങ്ങുപോലായി. റവന്യൂ മന്ത്രി വാ പോയ കോടാലിയാണെന്നും ഭരണം ഉദ്യോഗസ്ഥരാണ് നടത്തുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഭക്ഷ്യവകുപ്പ് വിവിധ നിറത്തില്‍ കാര്‍ഡുകള്‍ അടിച്ചിറക്കിയിട്ടും ജനത്തിന് പ്രയോജനം ഉണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ജില്ലാ സമ്മേളനങ്ങളിലെ റിപ്പോര്‍ട്ടുകൾ ചോരുന്നത് ശുഭലക്ഷണമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളത്തിൽ പറഞ്ഞു.