ഇടുക്കി: മദ്യലഹരിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരെ ആക്രമിച്ചു. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ മുതില്‍ ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം ഓഫീസില്‍ സഹപ്രവര്‍ത്തരെ ആക്രമിച്ചത്. സംഭവത്തെ കുറിച്ച് വ്യക്തമായ തെളിവ് സഹിതം പരാതി സമര്‍പ്പിച്ചിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കുവാന്‍ പോലീസ് തയ്യറായിട്ടില്ല.

മൂന്നാറിലെ വനം വകുപ്പ് ഓഫീസിലെ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ക്കെതിരെയാണ് ജീവനക്കാര്‍ പോലീസില്‍ പരാതിപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറിലെ വനം വകുപ്പ് ഓഫീസിലായിരുന്നു സംഭവം. ഉദ്യോഗസ്ഥന്റെ അഴിമതി ഉന്നത ഉദ്യോഗസ്ഥര്‍ അറിയാനിടയായതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. സഹപ്രവര്‍ത്തകരാണ് ഇതറിയിച്ചത് എന്നുള്ള ധാരണയില്‍ മദ്യപിച്ച് ഓഫീസിലെത്തിയ ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരോട് കയര്‍ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. 

തുടര്‍ന്ന് കൈയ്യേം ചെയ്യാന്‍ ശ്രമിച്ചതോടെ ഒരു മുറിയില്‍ കയറി ജീവനക്കാര്‍ വാതിലടയ്ക്കുകയായിരുന്നു. ഇരുമ്പുവടിയുമായിയെത്തിയ ഉദ്യോഗസ്ഥന്‍ വാതില്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. നടത്തിയ അഴിമതിയും ക്രമക്കേടുകളും ഇയാള്‍ മദ്യലഹരിയില്‍ വിളിച്ചു പറഞ്ഞ് ജീവനക്കാര്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് പോലീസിനും ഡി.എഫ്.ഒയ്ക്കും കൈമാറി. 

നിരവധി പരാതികള്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെയുണ്ട്. വിവിധ കേസുകളിലായി എട്ടു തവണ ഇദ്ദേഹം സസ്‌പെന്‍ഷനിലായിട്ടുണ്ട്. സഹപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ മുമ്പും ആരോപണ വിധേയനായിട്ടുണ്ട്. ആരോപണ വിധേയമായ കേസുകളില്‍ വനം വകുപ്പിന്റെ തന്നെ അന്വേഷണം നടക്കുന്ന വേളയിലാണ് ഉദ്യോഗസ്ഥന്റെ പരാക്രമം.