മൂന്നാര്‍. വ്യാജരേഖ തയ്യാറാക്കിയതിന് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാളിന് സസ്പെന്‍ഷന്‍. മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ.പി രമേഷിനെയാണ് ഗുരുതരമായ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് നടപടിയ്ക്കു വിധേയനായത്. പ്രിന്‍സിപ്പാള്‍ സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാന്‍വേണ്ടി നടത്തിയ ക്രമക്കേട് കണ്ടുപിടിച്ചതോടെയാണ് നടപടി. 

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഡയറക്ടറായി നിയമിതനായതിനെ തുടര്‍ന്ന് കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന ഡോ.രമേഷ് ഉണ്ണിക്കൃഷ്ണന്‍ ഡപ്യൂട്ടേഷനില്‍ പോയതോടെയാണ് പി.രമേഷ് മൂന്നാര്‍ കോളേജിന്റെ പ്രിന്‍സിപ്പാളായത്. കോളേജിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ ഈ തസ്തികയില്‍ തുടരാന്‍ രമേഷ് ഉണ്ണിക്കൃഷ്ണന് സാധിക്കുകയും കോളേജിന്റെ പ്രിന്‍സിപ്പാളായി തുടരുവാന്‍ പി.രമേഷിന് അവസരമൊരുങ്ങുകയും ചെയ്യും. 

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതില്‍ കോളേജിന്റെ ഭാഗത്തു നിന്നും തടസ്സങ്ങളൊന്നുമില്ലെന്ന് കാണിച്ച് കോളേജിലെ ഒരു ജീവനക്കാരന്റെ സഹായത്തോടെ എ.ഐ.സി.റ്റി.ഇ ആസ്ഥാനത്തേയ്ക്ക് രേഖകള്‍ തയ്യാറാക്കി അയക്കുകയായിരുന്നു. ഇതിനോടൊപ്പം മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ട്. ഇത്തരത്തിലുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും എ.ഐ.സി.റ്റി.ഇ ആസ്ഥാനത്ത് എത്തിയതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് വെളിച്ചത്തിലായത്. 

ഇത്തരത്തിലുള്ള ഗൗരവസ്വഭാവമുള്ള രേഖകള്‍ എസ്റ്റാബ്ലിഷ്മെന്റ് സെക്ഷന്‍ വഴിയാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ ഈ സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരോ ജീവനക്കാരോ ഒന്നും അറിഞ്ഞിരുന്നില്ല. സര്‍ക്കാരിന്റെ പരിഗണനയിലുള്ള കാര്യം യാതൊരുവിധ അറിവോ നിര്‍ദ്ദേശമോയില്ലാതെയാണ് പ്രിന്‍സിപ്പാള്‍ എ.ഐ.സി.റ്റി.ഇ ആസ്ഥാനത്തയേക്ക് അയച്ചിരുന്നത്. 

രമേഷ് ഉണ്ണികൃഷ്ണന്‍ ഒരു വര്‍ഷം കൂടി എ.ഐ.സി.റ്റി.ഇ ഡയറക്ടര്‍ ആയി തുടരുകയാണെങ്കില്‍ അത്രയും കാലം മൂന്നാര്‍ കോജേജിന്റെ പ്രിന്‍സിപ്പാള്‍ ആയി തുടരുന്നതിന് പി. രമേഷിന് അവസരമൊരുങ്ങുമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് രമേഷ് ഉണ്ണിക്യഷ്ണന്റെ പേരില്‍ വകുപ്പില്‍ എത്തിയിയത് അദ്ദേഹം അറിഞ്ഞിരുന്നില്ല. സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ കോളേജ് അധിക്യതര്‍ തയ്യറായില്ല.