Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ മാധ്യമപ്രവർത്തകന്‍ ചമഞ്ഞ് തട്ടിപ്പ്; തിരിച്ചറിയൽ കാർഡ് നൽകിയത്  ദേവസ്വം ബോ‍ർഡ്

forgery in sabarimala allegation against prayar gopalakrishnan
Author
First Published Dec 20, 2017, 7:04 AM IST

പത്തനംതിട്ട: ശബരിമലയിൽ മാധ്യമ പ്രവർത്തകരായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിക്ക്  ദേവസ്വം ബോർഡിന്‍റെ തിരിച്ചറിയൽ കാർഡ് നൽകിയത് മുൻ ഭരണസമിതി. ആന്ധ്ര സ്വദേശി രാമകൃഷ്ണക്കാണ്   ദേവസ്വം ബോർഡ് രണ്ട് തിരിച്ചറിയൽ കാർഡുകൾ നൽകിയിരുന്നത്. ജോയിന്‍റ് കോർഡിനേറ്റർ ശബരിമല മാസ്റ്റർ പ്ലാൻ, കോർഡിനേറ്റർ ശബരിമല ദേവസ്വം  എന്നീ രണ്ട് തിരിച്ചറിയൽ കാർഡുകളാണ് രാമകൃഷ്ണയുടെ കൈവശം ഉണ്ടായിരുന്നത്. ഇതു രണ്ടും നൽകിയത്  ദേവസ്വം ബോർഡാണെന്ന് ഇയാൾ വിജിലൻസ് സംഘത്തോട് പറഞ്ഞിരുന്നു. 

മുൻ ഭരണസമിതിയാണ്   ഇയാൾക്ക്  ജീവനക്കാരുടേതിന് സമാനമായ തിരിച്ചറിയൽ കാർഡുകൾ നൽകിയതെന്നാണ് നിലവിലെ ഭരണസമിതി വ്യക്തമാക്കുന്നത്. ആന്ധ്രയിൽ നിന്നുള്ള ഭക്തർ സ്പോൺസർ ചെയ്ത  വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ഇയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. ഇതിന്‍റെ പ്രത്യുപകാരമായാണ്   പ്രത്യേകം തിരിച്ചറിയൽ കാർഡു നൽകിയതെന്നാണ് വിശദീകരണം. സന്നിധാനത്ത് സ്ഥിരമായി നിൽക്കാനായാണ് കാർഡു നൽകിയിരുന്നത്. 

എന്നാൽ ഇയാൾക്ക് ദേവസ്വം ബോ‍ർഡുമായി ബന്ധമില്ലെന്നും തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്ത്  വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നും തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു. ഇയാൾക്കെതിരെ പൊലീസ് കേസ്സെടുക്കാൻ  തയ്യാറായിരുന്നില്ല. തെലങ്കാന ദിന പത്രമായ വാർത്തയുടെ റിപ്പോർട്ടറാണെന്നാണ് രാമകൃഷ്ണ പറഞ്ഞിരുന്നത്. വിവിധ സംഘങ്ങളെ ദർശനത്തിന് എത്തിക്കാനും ഇയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. മുൻ ഭരണസമിതി അംഗങ്ങൾ ആന്ധ്രയിൽ സന്ദർശനം നടത്തിയത് ഇയാളുടെ സഹായത്തോടെയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios