വിദേശവ്യാപാരിയിൽ നിന്ന് 23 ലക്ഷം രൂപ തട്ടി; എംപിഐ ജനറൽ മാനേജർക്കെതിരെ അന്വേഷണം

First Published 13, Apr 2018, 10:42 PM IST
forgery police investigation against meat products of India general manager
Highlights
  • എംപിഐ ഉന്നതഉദ്യോഗസ്ഥനെതിരെ പൊലീസ് അന്വേഷണം
  • ഉത്പന്നം നൽകിയില്ലെന്ന് പരാതി
  • എംപിഐയ്ക്ക് ബന്ധമില്ലെന്ന് എംഡി 

കൊച്ചി: വിദേശവ്യാപാരിയിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊ‍ഡക്ട്സ് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കരാർ അനുസരിച്ചുള്ള പണം നൽകിയിട്ടും ഉത്പന്നം  നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. ജനറൽ മാനേജർ ഒളിവിലാണ്.

വിയറ്റ്നാം വ്യാപാരി ഇന്റർനെറ്റിലൂടെയാണ് എംപിഐയെ കുറിച്ച് അറിഞ്ഞത്. തുടർന്ന് കമ്പനിക്കാവശ്യമായ കോഴിക്കാലുകൾ വിയറ്റ്നാമിലേക്ക് ഇറക്കുമതി ചെയ്യാൻ എംപിഐയെ നേരിട്ട് സമീപിച്ചു. എംപിഐയ്ക്ക് കയറ്റുമതി ലൈസൻസില്ല എന്ന് അറിഞ്ഞതോടെ ഇവർ മടങ്ങി പോകാനൊരുങ്ങി. പക്ഷെ പെരുമ്പാവൂരിലുള്ള മറ്റൊരു കമ്പനിയുമായി ബന്ധപ്പെടുത്തി മാംസം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജനറൽ മാനേജർ സജി ഇവരിൽ നിന്ന് 23 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.

എംപിഐയിലെ സൗകര്യങ്ങൾ കാട്ടിയാണ് കരാർ ഉറപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. തുക നൽകി ഒരു മാസത്തിലേറെ കാത്തിരുന്നെങ്കിലും ഉത്പന്നം നൽകിയില്ല. തുടർന്ന് എംപിഐ ജനറൽ മാനേജറിനെതിരെ മുവാറ്റുപുഴ ഡിവൈഎസ്പിയ്ക്ക് വിദേശിയായ വ്യാപാരി പരാതി നൽകിയത്. തട്ടിപ്പിനെതിരെ എംപിഐയിലെ ഡീലർമാരും രംഗത്തെത്തി.  എംപിഐയ്ക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നാണ് മാനേജിംഗ് ഡയറക്ടറുടെ  വിശദീകരണം. ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്, തട്ടിപ്പ് നടന്നതായി വ്യക്തമായാൽ കർശനനടപടിയുണ്ടാകുമെന്നും എംപിഐ എംഡി പ്രതികരിച്ചു.

loader