നോട്ട് നിരോധനത്തിന്റെ തൊട്ടുപിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം മുതലാക്കി ക്വട്ടേഷന്‍ സംഘം മാരാരിക്കുളത്ത് പണം കവര്‍ന്നത്. ആറരലക്ഷം രൂപയുടെ പുതിയനോട്ടിന് പകരം എട്ടരലക്ഷം രൂപയുടെ അസാധു നോട്ടായിരുന്നു വാഗ്ദാനം. ചേര്‍ത്തലയിലെ പ്രമുഖ കുടുംബത്തിന്റെ പേരില്‍ കച്ചവടക്കാരനായ മണ്ണഞ്ചേരി സ്വദേശിയെ ഫോണില്‍ ബന്ധപ്പെട്ട സംഘം പണവുമായി ചേര്‍ത്തലക്കു സമീപം ചാരങ്ങാടുള്ള ഗോഡൗണിലെത്താന്‍ നിര്‍ദേശിച്ചു. 

വിവാഹാവശ്യത്തിന് പുതിയ നോട്ട് ആവശ്യമുണ്ടെന്നും പകരം കൂടുതല്‍ പഴയനോട്ടുകള്‍ നല്‍കാമെന്നുമുള്ള വാക്ക് വിശ്വസിച്ചെത്തിയവരെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ ആറരലക്ഷം രൂപയുമായി കടന്നു. ചേര്‍ത്തല തെക്ക് സ്വദേശി ടിപ്പര്‍ സുനില്‍, മാരാരിക്കുളം വടക്ക് സ്വദേശി അമ്പാടി, അഭിജിത്, നൗഷാദ് എന്നിവരാണ് മൂന്നുമാസത്തിനുശേഷം പിടികൂടിയത്.

രണ്ടുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. പണംതട്ടിയ സംഘം അന്നുതന്നെ കേരളം വിട്ടിരുന്നു. മഹാരാഷ്ട്ര കര്‍ണ്ണാടക തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ജില്ലയില്‍ മടങ്ങിയെത്തി. ഇവര്‍ കായംകുളത്തുണ്ടെന്ന് മനസിലാക്കിയ പൊലീസ് കാറില്‍ കടക്കാന്‍ ശ്രമിച്ച നാല്‍വര്‍ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതിനാണ് അഭിജിത്തിനെയും നൗഷാദിനെയും പിടികൂടിയത്. പ്രതികളെ വീടുകളിലെത്തിച്ച് തെളിവെടുത്തു. കൂട്ടായ്മ കവര്‍ച്ചക്കാണ് കേസെടുത്തിരിക്കുന്നത്. രണ്ടാം പ്രതി അമ്പാടി ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. ഇവരെ വിളിച്ചുവരുത്തി മാരാരിക്കുളം പൊലീസ് കേസെടുക്കുകയായിരുന്നു.