തിരുവനന്തപുരം: ചെക്കു തിരുത്തി വീടും വസ്തുവും കോടതി മുഖേന ജപ്തി ചെയ്യാൻ ശ്രമിച്ച കേസിൽ യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ. പാരിപ്പള്ളി കടമ്പാട്ടുകോണം കമലാഭവനിൽ ഡി.ചന്ദ്രബോസ്(60), മകൾ ഐ.ശ്രീലക്ഷ്മി(31), കടയ്ക്കൽ ഇടത്തറ കല്ലണ പുത്തൻപുരയിൽ വീട്ടിൽ ആർ.ഷൈജു(39) എന്നിവരാണ് അറസ്റ്റിലായത്.
കിളിമാനൂർ ചാരുപാറ ശ്രീനിലയത്തിൽ എസ്.ജയൻ (42) വിദേശത്തായിരുന്നപ്പോൾ വാങ്ങിയ കാറിന് നാല് ചെക്ക് നൽകിയിരുന്നു. പത്ത് ലക്ഷത്തിനായിട്ടാണ് നാല് ചെക്കു നൽകിയത്. രണ്ട് ചെക്ക് മാറി ഏഴ് ലക്ഷം രൂപ ബാങ്കിൽ നിന്ന് എടുത്തിരുന്നു. ശേഷിച്ചിരുന്ന മൂന്ന് ലക്ഷത്തിനുള്ള രണ്ട് ചെക്കുകൾ 39 ലക്ഷമാക്കി തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്.
ഇരട്ടച്ചിറയിലുള്ള കോടികൾ വിലയുള്ള വീടും വസ്തുവുമാണ് കോടതി മുഖേന ജപ്തി ചെയ്യാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.ചെക്കുകളുടെ ശാസ്ത്രീയമായി നടത്തിയ അന്വേഷണം മൂലമാണ് തട്ടിപ്പ് തെളിയിക്കുവാൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
