വികസനാസൂത്രണ സ്ഥിതി വിവരകണക്ക് മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 201516 വര്‍ഷത്തില്‍ വിദേശ വ്യാപാരത്തില്‍ നിന്നുള്ള വരുമാനത്തില്‍ അമ്പതു ശതമാനത്തില്‍ കൂടുതല്‍ ഇടിവാണ് രേഖപ്പെടുത്തിയത്. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും കയറ്റുമതിയെ മാത്രം ആശ്രയിച്ചുള്ള സമ്പദ് ഘടനയായതു കൊണ്ടു തന്നെ ഊര്‍ജ മേഖലയിലെ പ്രതിസന്ധി ഖത്തറില്‍ എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ അധികവരുമാനത്തില്‍ മാത്രം 1500 കോടി റിയാലിന്റെ ഇടിവ് രേഖപ്പെടുത്തിയതായാണ് കണക്കാക്കിയിരിക്കുന്നത്.

തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 54 ശതമാനം കുറവ്. ഇതിനു പുറമെ എണ്ണ അനുബന്ധ ഉല്‍പന്നങ്ങളുടെയും പ്രകൃതി വാതകത്തിന്റെയും കയറ്റുമതിയില്‍ 39 ശതമാനം കുറവുണ്ടായി. ഇതുവഴി 98500 കോടി റിയാലിന്റെ വരുമാനമാണ് കുറഞ്ഞതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനെ തുടര്‍ന്ന് ലോകത്തെ മുന്‍നിര പ്രകൃതി വാതക സമ്പത്തുള്ള രാജ്യമായ ഖത്തര്‍ ഈ വര്‍ഷം 46500 കോടി റിയാലിന്റെ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. ലോകകപ്പുമായി ബന്ധപ്പെട്ടും വിഷന്‍ 2030 സമഗ്ര വികസന കാഴ്ചപ്പാടിന്റെ ഭാഗമായും രാജ്യത്തെങ്ങും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ഇതു പ്രതികൂലമായി ബാധിച്ചു. വിവിധ തൊഴില്‍ മേഖലകളില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതിനു പുറമെ ആരോഗ്യ പരിപാലന മേഖലയിലെ ചെലവുകള്‍ മൂന്നില്‍ രണ്ടായി കുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കമ്മി ബജറ്റിനെ തുടര്‍ന്നുണ്ടാവുന്ന ആഘാതത്തിന്റെ തീവ്രത കുറക്കാന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ ആലോചിച്ചു വരികയാണ്.