കോഴിക്കോട്: ഇണങ്ങിയും, പിണങ്ങിയും ,കുസൃതി കാണിച്ചും, കഴിഞ്ഞ കുട്ടിക്കാലം ആര്‍ക്കും മറക്കാനാകില്ല. അറുപത് വയസ് പിന്നിട്ടെങ്കിലും ഓര്‍മകള്‍ പങ്കിട്ട്, പഴയ കുട്ടികാലം അയവിറക്കി, പഴയ സ്‌കൂള്‍ മുറ്റത്ത് ഒരു വട്ടം കൂടി അവര്‍ ഒത്തുചേര്‍ന്നു. 91 വര്‍ഷമായി നാടിന് അക്ഷരവെളിച്ചം പകരുന്ന പന്നിക്കോട് ഗവ. എല്‍.പി.സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിദ്യാലയ മുറ്റത്ത് ഒത്തുകൂടിയത്.
ക്ലാസ്സ് മുറിയും ,അസംബ്ലിയും ,എന്തിനേറെ സ്‌കൂള്‍ പരിസരത്തെ പഴയ മിഠായിക്കടപോലും പുനരവതരിപ്പിച്ചു കൊണ്ടായിരുന്നു ഓര്‍മയുടെ തീരത്ത് പഴയ സതീര്‍ത്ഥ്യരൊത്ത് ചേര്‍ന്നത്. സംഗമത്തിന് എത്തിയവരിലധികവും 60 വയസ് പിന്നിട്ടവരായിരുന്നു എന്നതും ശ്രദ്ധേയമായി. രാവിലെ കൃത്യം 10 മണിക്ക് തന്നെ ബെല്ലടിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല പഴയ വിദ്യാര്‍ത്ഥികളായ മാനുകുട്ടന്‍ വൈദ്യരും ബാലന്‍ മാഷുമെല്ലാം അനുസരണയുള്ള കുട്ടികളെ പോലെ മാധവി ടീച്ചര്‍ക്കും രാധാമണി ടീച്ചര്‍ക്കും, ഭാസ്‌ക്കരന്‍ മാസ്റ്റര്‍ക്കും വിജയന്‍ മാസ്റ്റര്‍ക്കും മുന്നില്‍ അസംബ്ലിക്കായി വരിനിന്നു. 60 കഴിഞ്ഞ കോമളവല്ലിയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് ശേഷം ജീവിച്ചിരിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പ്രായം കൂടിയ പി.ഉപ്പേരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവര്‍ ഏറ്റു ചൊല്ലി.
ചലചിത്രതാരവും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ കുളപ്പുള്ളി ലീല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലും താരമായി തിളങ്ങി. സംഗമത്തില്‍ ആദ്യമായി ഓര്‍മ്മച്ചെപ്പ് തുറന്നതും അവരായിരുന്നു. പട്ടിണി നിറഞ്ഞ തന്റെ പഴയ സ്‌കൂള്‍കാലത്തെ ഓര്‍മ്മകള്‍ അവര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പങ്കുവെച്ചു. ഈ സ്‌കൂളിലെ അധ്യാപകര്‍ പകര്‍ന്ന് നല്‍കിയ അറിവും ഊര്‍ജവുമാണ് താന്‍ ഇന്നത്തെ നിലയിലെത്താന്‍ കാരണമെന്ന് കുളപ്പുള്ളി ലീല പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തരായി ഓര്‍മകള്‍ പങ്കുവെച്ചു.
പഴയ കാല അധ്യാപകരേയും പൂര്‍വ വിദ്യാര്‍ത്ഥികളേയും ആദരിക്കല്‍, അനുഭവം പങ്കുവെക്കല്‍, കവിയരങ്ങ്, പൂര്‍വ വിദ്യാര്‍ത്ഥികളായ ബൈജു മാട്ടു മുറി, ബിനീഷ് കവിലട എന്നിവര്‍ അവതരിപ്പിച്ച കോമഡി ഷോ, ഗാനമേള എന്നിവയും അരങ്ങേറി. സമാപന സമ്മേളനം ജോര്‍ജ് എം തോമസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
