വിവിഐപികള്‍ക്കായി ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനി അഗസ്റ്റാ വെസ്റ്റ്വാന്‍ഡില്‍ നിന്ന് ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കളും ഇടനിലക്കാരും ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയതായി 2013ലാണ് ആരോപണം ഉയര്‍ന്നത്. യുപിഎ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന എകെ ആന്റണി അന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

ഹെലികോപ്റ്റര്‍ പറക്കാനുള്ള ഉയരം ഉള്‍പ്പടെയുള്ള സാങ്കേതിത വ്യവസ്ഥകളില്‍ അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡിനെ സഹായിക്കാന്‍ മാറ്റം വരുത്തി എന്നതാണ് പ്രധാന ആരോപണം. മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗി, സഹോദരന്‍ ജുലി ത്യാഗി, അഭിഭാഷകന്‍ ഗൗതം ഖൈതാന്‍ എന്നിവരെയാണ് ഇന്ന് സിബിഐ അറസ്റ്റു ചെയ്തത്. 3600 കോടി രൂപയുടെ കരാര്‍ കിട്ടാന്‍ അഞ്ഞൂറ് കോടിയോളം രൂപ കൈക്കൂലിയായി നല്കിയിട്ടുണ്ട് എന്ന വിവരം അന്വേഷിച്ച സിബിഐ ഈ പണം എത്തിയ വഴികള്‍ പരിശോധിച്ചു. എസ്പി ത്യാഗിക്കും പണം എത്തിയിട്ടുണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മൂന്നു പേരെയും നാളെ കോടതിയില്‍ ഹാജരാക്കും. അഴിമതി കേസില്‍ ഇത്തരത്തില്‍ പ്രതിരോധ സേനയെ നയിച്ച ഒരു വ്യക്തി അറസ്റ്റിലാകുന്നത് അപൂര്‍വ്വ സംഭവമാണ്. സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ഇടനിലക്കാരുടെ ഡയറിയിലുണ്ടെന്ന ആരോപണം ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.