റേഡിയോ ജോക്കിയുടെ മരണം; പൊലീസിനെ കുഴക്കി നിരവധി ചോദ്യങ്ങള്‍

മുന്‍ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ രണ്ട് അറസ്റ്റുകള്‍ രേഖപ്പെടുത്തിയെങ്കിലും പൊലീസിനെ കുഴക്കുന്നത് നിരവധി ചോദ്യങ്ങളാണ്. കേസില്‍ പ്രധാന പ്രതികളെന്ന് കരുതുന്നവര്‍ ഖത്തറിലാണെന്നതും മറ്റു ചില വെളിപ്പെടുത്തലും പൊലീസ് അന്വേഷണത്തിന് വിലങ്ങിടുന്നവയാണ്. പിടിയിലാവരുടെ മൊഴിയിൽ നിന്നും ഖത്തറിലെ വ്യവസായി സത്താറിന്റേതാണ് ക്വട്ടേഷനെന്ന വ്യക്തമായ തെളിവ് ലഭിച്ചതായി അന്വേഷണം സംഘം പറഞ്ഞിരുന്നു. ഇപ്പോള്‍ ഖത്തറിലുള്ള അലിഭായെന്ന മുഹമ്മദ് സാലിഹ് കേരളത്തിലെത്തിയതിന് ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രാജേഷും സത്താറിന്റെ മുൻ ഭാര്യയും തമ്മിലുള്ള ബന്ധമാണ് ക്വട്ടേഷനു കാരണമെന്നാണ് നിഗമനം.

എന്നാല്‍ സാലിഹും സത്താറും കൊലപാതക സമയത്ത് ഖത്തറില്‍ തന്നെ ഉണ്ടായിരുന്നതായാണ് സത്താറിന്റെ മുന്‍ ഭാര്യ സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. താനുമായി രാജേഷിന് അതിരുവിട്ട ബന്ധങ്ങളില്ലെന്നും സഹായിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറയുന്നു. താനുമായുള്ള ബന്ധത്തിന്‍റെ പുറത്ത് കൊലപാതകം നടത്താന്‍ സത്താര്‍ മുതിരില്ലെന്നതാണ് നൃത്താധ്യാപിക കൂടിയായ യുവതി പറയുന്നത്. കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന താന്‍ എന്തിന് അത് ചെയ്യണമെന്നും അവരെ സംശയക്കുന്നതിനുള്ള മറുപടിയെന്നോണം അവര്‍ ചോദിക്കുന്നു.

എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൊലീസിന്‍റെ കണക്കുകള്‍ പ്രകാരം പ്രതികളില്‍ രണ്ടുപേര്‍ അറസ്റ്റിലായത് നിര്‍ണായകമാണ് ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. കൊലപാതകികളെ രക്ഷപ്പെടാൻ സഹായിച്ച എഞ്ചിനിയർ അറസ്റ്റിലായതും പൊലീസിന്‍റെ വാദങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.

ബെംഗളൂരിൽ ജോലി ചെയ്യുന്ന യാസിർ ബക്കറാണ് പിടിയിലായത്. ഗൂഡാലോചനയുടെ മുഖ്യകണ്ണി ഗള്‍ഫ് വ്യവസായി സത്താറാണെന്ന് തെളിയിക്കാനുള്ള പ്രധാന തെളവാകും ഈ അറസ്റ്റ്. ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന അലിഭായിയെന്ന മുഹമ്മദ് സാലിഹ്, അപ്പുണ്ണിയെന്നിവർ വിദേശത്തുനിന്നും ആദ്യമെത്തിയത് ബെംഗളൂരിലെ യാസിർ ബെക്കറിൻറെ വീട്ടിലാണ്. 

ഒരു സുഹൃത്തിന്റെ എടിഎം കാർഡുപയോഗിച്ച് യാസിർ വിദേശത്തുനിന്നെത്തിയ പണം പിൻവലിച്ച് ക്വട്ടേഷൻ സംഘത്തിന് നൽകി. ഒരു കാർ വാടക്കെടുത്താണ് സംഘം കായംകുളത്ത് സനുവിന്റെ വീട്ടിലെത്തിയത്. മുമ്പ് അറസ്റ്റിലായ സനുവിന്റെ വീട്ടിൽ കായംകുളം സ്വദേശിയായ മറ്റൊള്‍ കൂടിയെത്തി. വാടക്കെടുത്ത ചുമന്ന സ്വിഫിറ്റിൽ കൊലപാതകത്തിന് ശേഷം അലിഭായിയും അപ്പുണ്ണിയും ബെംഗളൂരിൽ യാസിറിന്റെ വീട്ടിൽ മടങ്ങിയെത്തി. ഇവിടെനിന്നും അലിഭായി കാഠ്മണ്ഡുവിലേക്കും അപ്പുണ്ണി ചെന്നൈയിലേക്കും പോയി. കാർ കായകുളത്തെിച്ച വഴിയകരികിൽ ഉപേക്ഷിച്ച ശേഷം യാസിറും മുങ്ങി- എന്നിവയാണ് പൊലീസ് കണ്ടെത്തല്‍.

സ്ഫടികം എന്നു വിളിപ്പേരുള്ള മറ്റൊരാളും കൊലയാളി സംഘത്തെ സഹായിക്കാനുണ്ടായിരുതായും പൊലീസ് പറയുന്നു. അലിഭായ് എന്ന മുഹമ്മദ് സാലിഹിന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഗൂഢാലോചന നടത്തിയത് സത്താറാണെന്ന് തെളിയിക്കാന്‍ എളുപ്പമാകും. അതേസമയം സത്താറിന്‍റെ മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍ കേസില്‍ സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ഖത്തറിലുള്ള സാലിഹിനെയും സത്താറിനെയും മുന്‍ ഭാര്യയെയും ചോദ്യം ചെയ്താല്‍ മാത്രമെ കേസില്‍ കൂടുതല്‍ വ്യക്തത കൈവരികയുള്ളൂ. അതിനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.