ഗ്വാട്ടിമാല: മുന്‍ മോഡലും മിസ് ഗ്വാട്ടിമാല മത്സരാര്‍ത്ഥിയുമായിരുന്ന റോസ ഒട്ടിലിയ റാമിറെസ് തെരുവില്‍ വെടിയേറ്റ് മരിച്ചു. തലയ്ക്ക് പിറകില്‍ വെടിയേറ്റാണ് റോസ ദാരുണമായി കൊല്ലപ്പെട്ടത്. മകളെ സ്‌കൂളില്‍ എത്തിച്ചതിന് ശേഷം തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ റോഡില്‍ വച്ചാണ് അജ്ഞാതന്‍ റോസയ്ക്ക് നേരെ നിറയൊഴിച്ചത്.
റോസയെ ആക്രമിക്കുന്നത് തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയുതിര്‍ത്ത ആള്‍ തൂവാലകൊണ്ട് മുഖം മറച്ചിരുന്നതിനാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ല.
തിരക്കുള്ള റോഡിലാണ് അപകടമുണ്ടായത്. തന്റെ ജീന്‍സില്‍നിന്ന് തോക്ക് പുറത്തെടുത്ത അജ്ഞാതന്‍ നിറയൊഴിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. തലയ്ക്ക് പിന്നില്‍ വെടിയേറ്റതോടെ റോസ നിലത്തുവീണു. ഇതോടെ ഇയാള്‍തിരിഞ്ഞോടിയതായും ദൃശ്യങ്ങളില്‍ കാണാം.
കൊലപാതകത്തിന്‍റെ കാരണം ഇതുവരെയും വ്യക്തമല്ല. എന്നാല്‍ റോസയെ അറിയുന്ന ആരോ ആയിരിക്കാം അവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
