തിരുവനന്തപുരം: കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന മുന്‍ദേശീയ ഹോക്കി താരം വി ഡി ശകുന്തള ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥ. പതിനഞ്ച് വര്‍ഷക്കാലം തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ പച്ചക്കറികളും മറ്റും വിറ്റ് ജീവിച്ച ശകുന്തളക്ക് വൈകിയാണെങ്കിലും സര്‍ക്കാര്‍ ജോലി ലഭിച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററില്‍ സ്വീപ്പര്‍ തസ്തികയില്‍ സ്ഥിരം നിയമനമാണ് ശകുന്തളക്ക് ലഭിച്ചത്. സ്പോര്‍ട്സ് മന്ത്രി ഇ പി ജയരാജന്‍ നിയമന ഉത്തരവ് ശകുന്തളക്ക് കൈമാറി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു ശകുന്തള. പഴങ്ങള്‍ വിറ്റ് ജീവിച്ച മുന്‍ ദേശീയ ഹോക്കി താരത്തെക്കുറിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. ഇതിന് പിന്നാലെയാണ് രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററില്‍ പാര്‍ട്ട് ടൈമായി ജോലി ലഭിച്ചത്. 1978ല്‍ സംസ്ഥാന ഹോക്കി ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു വി ഡി ശകുന്തള.