സിപിഎമ്മിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി കായലിൽ ചാടിയ മുൻ പഞ്ചായത്ത് പ്രസിഡന്റിനായി തെരച്ചിൽ തുടരുന്നു
കൊച്ചി: സിപിഎമ്മിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി കായലിൽ ചാടിയ മുൻ പഞ്ചായത്ത് പ്രസിഡന്റിനായി തെരച്ചിൽ തുടരുന്നു. എളങ്കുന്നപ്പുഴ സ്വദേശി വികെ കൃഷ്ണനാണ്
കായലിൽ ചാടിയത്. നേതൃത്വം തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമിച്ചുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് സർവീസ് നടത്തുന്ന യാത്രാ ബോട്ടിൽ നിന്നാണ് ഇന്നലെ കൃഷ്ണന് ചാടിയത്. രണ്ട് മാസം മുൻപാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വികെ കൃഷ്ണന് സ്ഥാനം നഷ്ടമായത്.
ഭരണപക്ഷമായ സിപിഎമ്മിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം പാസാക്കുകയായിരുന്നു. അതോടൊപ്പം സിപിഎം നേതൃത്വവുമായും വികെ കൃഷ്ണൻ അകൽച്ചയിലായി. സിപിഎമ്മും പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിലവിലെ നിഗമനം. ഭരണം പോയതിന്റെ ദുഖം കൊണ്ടല്ല ആത്മഹത്യ, തന്നെ പുകച്ചു പുറത്താക്കാന്‍ എളങ്കുന്നപ്പുഴ ലോക്കൽകമ്മിറ്റി ശ്രമിച്ചു. താൻ ചില തെറ്റുകള്‍ ചെയ്തു. സമനില തെറ്റിയ തനിക്ക് മരണം അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ആത്മഹത്യാകുറിപ്പിൽ വികെ കൃഷ്ണൻ ചൂണ്ടികാട്ടുന്നു.
