വൈദികന്‍റെ കൊലപാതകം: പ്രതിയെ റിമാന്‍റ് ചെയ്തു

കൊച്ചി: മലയാറ്റൂര്‍ പള്ളിയിലെ വൈദികന്‍ ഫാദര്‍ സേവ്യര്‍ തേലക്കാടിന്‍റെ കൊലപാതകത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. രാവിലെയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതി ജോണിയെ ഈ മാസം പതിനാറുവരെ റിമാന്‍റ് ചെയ്തു. 

സംഭവത്തില്‍ മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണി കഴി‍ഞ്ഞ ദിവസമാണ് പിടിയിലായത്. മലയാറ്റൂര്‍ അടിവാരത്തിനടുത്തുള്ള വനത്തില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പിടിയിലാവുമ്പോള്‍ ഇയാള്‍ അവശ നിലയിലായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ കാട്ടില്‍ അലയുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മലയാറ്റൂര്‍ കുരിശുമലപാതയില്‍ ആറാം സ്ഥലത്ത് വച്ചാണ് പ്രതി ജോണി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചത്. കുത്തേറ്റ വൈദികനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.