കൊല്‍ക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് വിട്ട മുൻ റെയിൽവെ മന്ത്രി മുകുൾ റോയ് ബി.ജെ.പിയിൽ. ദില്ലിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മുകുൾ റോയിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു. ബി.ജെ.പിയുടെ പിന്തുണകൊണ്ടാണ് തൃണമൂൽ കോണ്‍ഗ്രസിന് ഇത്രയും വളരാനായതെന്ന് മുകുൾ റോയ് പറഞ്ഞു. 

ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നും മുകുൾ റോയ് അഭിപ്രായപ്പെട്ടു. മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുകുൾ റോയ് നേരത്തെ തൃണമൂൽ കോണ്‍ഗ്രസ് വിടുകയും രാജ്യസഭാംഗത്വവും രാജിവെക്കുകയും ചെയ്തിരുന്നു. മുകുൾ റോയിയെ ബി.ജെ.പിയിലക്ക് എത്തിക്കാനായത് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.