ഫോര്‍ട്ട്കൊച്ചി പനയപ്പിള്ളിയിലെ സനീഷിന്റെയും ആസിഫലിയുടെയും കുടുംബം കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന സംഭവം ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നില്ല. ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് രാത്രി വിശ്രമിക്കാനെത്തിയ തങ്ങളെ പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് സനീഷ് പറഞ്ഞു. സനീഷിനൊപ്പം നാല് മാസം ഗര്‍ഭിണിയായ ഭാര്യയും ആസിഫലിക്കൊപ്പം ഭാര്യയും ഒരു വയസ്സുള്ള മകനുമാണ് ഉണ്ടായിരുന്നത്. സ്‌ത്രീകളുമായി രാത്രി കടപ്പുറത്ത് എന്താണ് കാര്യമെന്ന് ചോദിച്ചായിരുന്നു പൊലീസ് മര്‍ദ്ദനം. ചോദ്യം ചെയ്തപ്പോള്‍ ടോര്‍ച്ച് കൊണ്ട് എസ്.ഐ ദ്വിജീഷ് സനീഷിന്റെ മുഖത്തടിച്ചു.

പൊലീസ് ബൂട്ടിട്ട് മുഖത്ത് ചവിട്ടിയതിനാല്‍ ആസിഫലിയുടെ കണ്ണിന് മുകളില്‍ നാല് തുന്നലുണ്ട്. കണ്ണിന്റെ കാഴ്ചയ്‌ക്കും മങ്ങലേറ്റു. കൊടിയ വേദനയ്‌ക്കിടയിലും ഇവരെ ആശങ്കപ്പെടുത്തുന്നത് ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തതാണ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി പൊലീസിനെ മര്‍ദ്ദിച്ചുവെന്നാണ് ഇരുവരുടെയും പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റം.