എറണാകുളം: എറണാകുളം ചെല്ലാനം പള്ളിയില്‍ ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മദ്യപിച്ചെത്തിയവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായെന്ന് പൊലീസ് പറഞ്ഞു. ചെല്ലാനം സെന്റ്. സെബാസ്റ്റ്യന്‍ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. 

മദ്യപിച്ചെത്തിയവര്‍ ഗാനമേള നടക്കുന്നതിനിടെ വേദിയില്‍ കയറി ബഹളമുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ കൂട്ടമായി എത്തി പൊലീസുകാരെ തല്ലുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഡീഷണല്‍ എസ്‌ഐ ദിലീപ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ദിലീപിന്റെ തലയ്ക്കാണ് പരിക്ക്. കാലിന് പരുക്കേറ്റ മറ്റൊരു അഡീഷണല്‍ എസ്‌ഐ രാജപ്പനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐയുടെയും മറ്റ് രണ്ട് പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സംഘര്‍ഷമുണ്ടാക്കിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.