കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പച്ചക്കറി സംഭരണകേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് അഞ്ച് മരണം. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ശീതീകരണ സംവിധാനമുള്ള കെട്ടിടത്തിലെ അമോണിയ പ്ലാന്റ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാണ്‍പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ശിവരാജ്പൂരിലെ മഹിപാല്‍പൂരിലാണ് സംഭവം. സംഭരണ കേന്ദ്രത്തില്‍ ഉരുളക്കിഴങ്ങ് നല്‍കാനെത്തിയ കര്‍ഷകരും തൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടത്.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതിനു പിന്നാലെ പ്രദേശവാസികളാണ് ആദ്യമെത്തിയത്. പിന്നീട് പോലീസും ഫയര്‍ഫോഴ്‌സുമെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പലരുടെയും നില ഗുരുതരമാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍.