കുട്ടികള്‍ വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്

തൃശൂര്‍: കുന്നംകുളത്തിനടുത്ത് അഞ്ഞൂര്‍കുന്നില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പടെ നാല് പേര്‍ മുങ്ങിമരിച്ചു. അഞ്ഞൂര്‍ സ്വദേശി സീത, മകള്‍ പ്രതിക, അയല്‍വാസികളായ സന, ഹാഷിം എന്നിവരാണ് മരിച്ചത്. മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വൈകുന്നേരം നാല് മണിയോടെയാണ് സീതയും മകളും മറ്റ് രണ്ട് കുട്ടികളും കുളിക്കാനും അലക്കാനുമായി പാറമടയിലേക്ക് പോയത്. സന്ധ്യയായിട്ടും ഇവരെ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ പാറമടയ്‌ക്കടുത്ത് വച്ച് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പൊലീസും മുങ്ങല്‍ വിദഗ്ദരും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സീതയുടെ അയല്‍വാസിയായ മുഹമ്മദ്-ബുഷ്റ ദമ്പതികളുടെ മകള്‍ ആണ് മരിച്ച സന. ഇവരുടെ വീട്ടില്‍ വിരുന്നിനെത്തിയതാണ് ഏഴ് വയസുകാരന്‍ ഹാഷിം. 

കുട്ടികള്‍ വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. കുന്നംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.അടിയന്തര സഹായമായി സര്‍ക്കാ ഓരോ കുടുംബത്തിനും 20,000 രൂപ വീതം അനുവദിച്ചു. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്ത് വര്‍ഷങ്ങളായി ജനങ്ങള്‍ പാറമടയാണ് ഉപയോഗിക്കുന്നത്.