പ്രാദേശിക സമയം രാത്രി 7.30ഓടെയാണ് വെടിവയ്പുണ്ടായത്. ചാര നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ച ഒരാളാണ് വെടിവയ്പ്പ് നടത്തിയത് എന്നാണ് പ്രാഥമിക സൂചന. മാളിലെ ഇറ്റാലിയന്‍ റസ്റ്റോറന്റിന് സമീപമെത്തിയ അക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ നാലുപേര്‍ മരിച്ചു. ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തി. ഷോപ്പിങ് മാള്‍ ഒഴിപ്പിച്ച് നടത്തിയ പരിശോധനയില്‍ ആരേയും കണ്ടെത്താനായിട്ടില്ല. പ്രദേശത്തേക്കുള്ള റോഡുകളും പൊലീസ് അടച്ചു. 

അതേസമയം പൊലീസ് എത്തുന്നതിന് മുമ്പ് ഷോപ്പിംഗ് മാളില്‍ നിന്നും അക്രമി രക്ഷപ്പെട്ടതായാണ് സംശയം. വാഷിംഗ്ടണ്‍ പൊലീസും ഈ നിഗമനത്തിലാണ്. ഒരാളാണോ അതോ കൂടുതല്‍ പേര്‍ അടങ്ങിയ സംഘമാണോ വെടിവയ്പ് നടത്തിയതെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. സംഭവം ഭീകരാക്രമണമാണോ എന്ന കാര്യം തള്ളാനാവില്ലെന്ന നിലപാടിലാണ് പോലീസ്. കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ബോംബ് സ്ഫോടനങ്ങളില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ഇപ്പോള്‍ നടന്ന വെടിവയ്പിന് ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ് ഇപ്പോഴുള്ളത്.