ലുധിയാന: പഞ്ചാബിലെ ലുധിയാനയിലെ നാലംഗ കുടുംബം വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാനയിലെ ബി ആര്‍ എസ് നഗറില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. കൊല നടത്തിയവരെ കുറിച്ച് ഒരു സൂചനയും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. രോഗിയായ സന്ദീപ് സിംഗ് മാംന്‍ഗത്, ഭാര്യ അമന്‍ കൗര്‍, മാംന്‍ഗതിന്റെ അമ്മ ബച്ചന്‍ കൗര്‍, മാംഗതിന്റെ മകള്‍ ഡിനാസ് എന്നിവരാണ് വെടിയേറ്റു മരിച്ചത്. പ്ലസ് വിദ്യാര്‍ത്ഥിനിയാണ് സന്ദീപിന്റെ മകള്‍ ഡിനാസ്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് വെടിവെയ്‌പ്പ് നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാവിലെ പത്തരയോടെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് നാലുപേരും വെടിയേറ്റു മരിച്ചുകിടക്കുന്നത് ആദ്യമായി കണ്ടത്. ഇവര്‍ ഉടന്‍ തന്നെ സമീപവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതേ വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു ജോലിക്കാരനെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. പുലര്‍ച്ചെ ചില വാഹനങ്ങള്‍ ഇവിടെ വന്നുപോയതായി അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബിസിനസുകാരനായ സന്ദീപ് സിംഗ് മാംന്‍ഗതിന് ആ രംഗത്ത് ശത്രുക്കളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.