ഹരിയനയിലെ വ്യാവസായിക നഗരമായ ഹിസാറില്‍ നിന്നാണ് ജെറ്റ് വിമാനത്തില്‍ പണം കടത്തിയതെന്നാണ് ദ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. നാഗാലാന്റിലേക്കാണ് നാല് ജെറ്റുകളിലായി 18 കോടിയോളം രൂപ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നാഗാലാന്റില്‍ നികുതി ഇളവ് ഉള്ളതിനാലാണ് അവിടേക്ക് പണം കടത്തിയതെന്നാണ് വിവരം.

ഹരിയാനയിലെ പ്രമുഖ വ്യവസായിയും ഇയാളുമായി ബന്ധമുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റേതുമാണ് പണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ എട്ടിനാണ് നോട്ടുകള്‍ നിരോധിനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. നവംബര്‍ 12നാണ് ഹരിയാനയില്‍ നിന്ന് നാഗാലാന്റിലേക്ക് പണവുമായി ആദ്യത്തെ വിമാനം പറന്നത്. 3.5 കോടി രൂപയാണ് നാഗാലാന്റിലേക്ക് കടത്തിയത്. അഞ്ച് വലിയ ബാഗുകളിലായി 1000, 500 രൂപ നോട്ടുകളാണുണ്ടായിരുന്നത്.

നവംബര്‍ 12നും 13നും 22നും ഇത്തരത്തില്‍ 3.5 കോടി രൂപ വീതം കടത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നവംബര്‍ 22ന് കടത്തിയ പണം ദിമാപുരിലെ വ്യവസായിയും മുന്‍ പാര്‍ലമെന്റ് അംഗം ഹെസുകു കെകിഹോ ഷിമോമിയുടെ മകനും നാഗാലാന്റ് മുന്‍ മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മരുമകനുമായ ആനാറ്റോ ഷിമോമിയുടെ കൈവശമാണ് എത്തിയതെന്നാണ് വിവരം.