സിപിഎം പാര്‍ട്ടി ഓഫീസിലെത്തി നേതാവ് ബിമന്‍ ബോസിന് തുക കൈമാറുകയും ചെയ്തു. മാധ്യമങ്ങളിലൂടെയാണ് കേരളത്തിന്റെ ദുരവസ്ഥ അപരാജിത അറിഞ്ഞത്

കൊല്‍ക്കത്ത: ഒരു നാട് തേങ്ങുന്നത് മനസിലാക്കാന്‍ നാല് വയസുകാരിക്ക് സാധിക്കുമോ. സംശയമുള്ളവര്‍ ഒരുപാട് പേരുണ്ടാവുമെങ്കിലും മനുഷ്യനെ മനസിലാക്കാന്‍ പ്രായമൊന്നും ഒരു പ്രശ്‌നമല്ലെന്ന് കാട്ടിത്തരുകയാണ് ദക്ഷിണ കൊല്‍ക്കത്തയിലുള്ള നാല് വയസുകാരി അപരാജിത.

നൃത്തം പരിശീലിക്കുന്നതിനായി സിഡി പ്ലെയര്‍ വാങ്ങാന്‍ വെച്ചിരുന്ന പണം കേരളത്തിലെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയാണ് കൊച്ചു മിടുക്കി അപരാജിത മാതൃകയാകുന്നത്. ജാദവ്പൂരിലുള്ള അപരാജിത സഹ തന്റെ കെെയില്‍ ഉണ്ടായിരുന്ന 14,800 രൂപ കേരളത്തില്‍ ദുരിതമനുഭവിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ചു.

സിപിഎം പാര്‍ട്ടി ഓഫീസിലെത്തി നേതാവ് ബിമന്‍ ബോസിന് തുക കൈമാറുകയും ചെയ്തു. മാധ്യമങ്ങളിലൂടെയാണ് കേരളത്തിന്റെ ദുരവസ്ഥ അപരാജിത അറിയുന്നത്. ഈ കാഴ്ച് കണ്ടപ്പോള്‍ തന്നെ കേരള ജനതയെ സഹായിക്കണമെന്ന് ഈ കൊച്ചു മിടുക്കി തീരുമാനിക്കുകയായിരുന്നു.

ഇത് കേരളത്തിലെ എന്റെ എല്ലാ സഹോദരിമാര്‍ക്കും നല്‍കുന്നുവെന്ന് അപരാജിത പറഞ്ഞു. പ്രളയക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ സഹായ ഹസ്തവുമായി രംഗത്തെത്തിരുന്നു. ഇതിൽ പ്രായം കുറഞ്ഞവർ മുതൽ മുതിർന്നവർ വരെ ഉൾപ്പെടുന്നു.