സ്വൈപ്പിംഗ് മിഷീനില്‍ കൃത്രിമം കാണിച്ചു കമ്പനി തട്ടിപ്പ് കണ്ടെത്തിയത് ഓഡിറ്റിംഗിനിടെ

ബംഗളൂരു: ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച് കൊറിയര്‍ ജീവനക്കാരനും കൂട്ടാളികളും തട്ടിയെടുത്തത് 1.3 കോടി രൂപ. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വൈപ്പിംഗ് മിഷീനില്‍ കൃത്രിമം കാണിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്. കൊറിയര്‍ കമ്പനിയിലെ ജീവനക്കാരനായ ദര്‍ശന്‍ ഇയാളുടെ സുഹൃത്തുക്കളായ പുനിത്, സച്ചിന്‍ ഷെട്ടി, അനില്‍ ഷെട്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെ്തു.

ആമസോണില്‍ നിന്ന് വിലകൂടിയ ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയാണ് തട്ടിപ്പ് നടത്തിയത്. ക്യാഷ് ഓണ്‍ ഡെലിവറി വ്യവസ്ഥയില്‍ ലാപ്ടോപ്പും മൊബൈലുകളമടക്കം ഓര്‍ഡര്‍ ചെയ്ത ശേഷം സ്വൈപ്പിംഗ് മിഷ്യനില്‍ കൃത്രിമം കാണിച്ച് പണം സ്വീകരിച്ചതായി കമ്പനിക്ക് മെസേജ് നല്‍കുകയായിരുന്നു. തെറ്റായ സന്ദേശം നല്‍കിയാണ് കമ്പനിയെ ഇവര്‍ കബളിപ്പിച്ചത്.

ഫെബ്രുവരിയില്‍ നടത്തിയ ഓഡിറ്റിംഗിനിടെയാണ് ആമസോണ്‍ 1.3 കോടി രൂപയുടെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ ആമസോണ്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.