Asianet News MalayalamAsianet News Malayalam

ഇടുക്കി അണക്കെട്ടിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു

കാര്യമായ മുന്നറിയിപ്പുകള്‍ ഇല്ലാതെയാണ് നാലാമത്തെ ഷട്ടര്‍ അധികൃതര്‍ തുറന്നത്. രണ്ട്,മൂന്ന് ഷട്ടറുകള്‍ ഉച്ചയ്ക്ക് 11.30ന് ഉയര്‍ത്തിയപ്പോള്‍ തന്നെ ചെറുതോണിയിലേക്ക് ശക്തമായ തോതില്‍ വെള്ളമൊഴുക്കി എത്തിയിരുന്നു.

fourth shutter opened
Author
Idukki, First Published Aug 10, 2018, 1:11 PM IST

ഇടുക്കി:വൃഷ്ടിപ്രദേശത്ത് നിന്നും ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് രണ്ട്,മൂന്ന് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ നാലാമത്തെ ഷട്ടറും തുറന്നത്. ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും ഇന്നു തന്നെ തുറക്കേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. 

കാര്യമായ മുന്നറിയിപ്പുകള്‍ ഇല്ലാതെയാണ് നാലാമത്തെ ഷട്ടര്‍ അധികൃതര്‍ തുറന്നത്. രണ്ട്,മൂന്ന് ഷട്ടറുകള്‍ ഉച്ചയ്ക്ക് 11.30ന് ഉയര്‍ത്തിയപ്പോള്‍ തന്നെ ചെറുതോണിയിലേക്ക് ശക്തമായ തോതില്‍ വെള്ളമൊഴുക്കി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാലാമത്തെ ഷട്ടറും തുറന്നത്. ഇടുക്കി പദ്ധതി പ്രദേശത്ത് ശക്തമായ രീതിയില്‍ മഴ തുടരുന്നതോടെയാണ് നാല് ഷട്ടറുകള്‍ തുറന്നിടേണ്ട അവസ്ഥയുണ്ടായത്. ഇടുക്കി ഡാമില്‍ നിന്നും എത്തുന്ന വെള്ളം പത്ത് മിനിറ്റ് കൊണ്ട് ചെറുതോണിയിലും നാല് മുതല്‍ അഞ്ച് മണിക്കൂറില്‍ ആലുവയിലും എത്തുന്നുണ്ട്. 

രാവിലെ തുറന്നു വിട്ട അധികജലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ നെടുന്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും. ഇന്ന് രാവിലെ 11.30 ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ മുന്നൂറ് ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നതോടെ സെക്കന്‍ഡില്‍ അറുന്നൂറ് ഘനയടി വെള്ളമായിരിക്കും ഡാമില്‍ നിന്നും ഒഴുകിയെത്തുക. 

വലിയ അളവിൽ വെള്ളമെത്തുന്നതോടെ ചെറുതോണി ടൗണിലടക്കം വെള്ളം കയറുമെന്ന ആശങ്ക നിലവിലുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്, മരങ്ങൾ കടപുഴകി വീഴുന്നതും തുടരുന്നു. ചെറുതോണിപ്പുഴയുടെ ഓരങ്ങളിൽ താമസിച്ചവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. 

ദുരന്തനിവാരണ സേനയുടെ രണ്ട് ബെറ്റാലിയൻ ചെറുതോണിയിൽ എത്തിച്ചേർന്നു. പൊലീസും അഗ്നിരക്ഷാ സേനയും സുസജ്ജമായി തുടരുന്നു. നേരത്തേ 10 മിനുട്ട് ഇടവേളയിലാണ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതെങ്കിൽ ഇപ്പോൾ തുടർച്ചയായി സുരക്ഷാ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ കുട്ടികൾ, സ്ത്രീകൾ എന്ന ക്രമത്തിലാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ചെറുതോണി പാലത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതുകൊണ്ട് അതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പെരിയാറിന്‍റെ തീരത്തുനിന്ന് മുന്നൂറു മീറ്റർ അകലം വരെ ആരെയും പ്രവേശിപ്പിക്കുന്നില്ല.

ഇന്നലെ രാത്രി മുഴുവൻ വെള്ളം ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് 2401.34 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ ഉയ‍ർത്തിയത്.  വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതുകൊണ്ട് ഡാമിലേക്കുള്ള നീരൊഴുക്കും അതിശക്തമായി തുടരുകയാണ്.
 
റവന്യൂ അധികൃതർ ഓരോ വീട്ടിലും നേരിട്ടെത്തി സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. 240 വീടുകളിലെങ്കിലും ഉള്ളവരെ ഒഴിപ്പിക്കാനാണ് തീരുമാനം. ഓരോ പഞ്ചായത്തിലും രണ്ട് വീതം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. വിനോദ സഞ്ചാരികളേയും വലിയ വാഹനങ്ങളേയും ഇടുക്കിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വെള്ളം ഉയരുന്നത് കാണാനെത്തുന്നവരേയും പുഴയോരത്തുനിന്ന് സെൽഫികൾ പകർത്താൻ ശ്രമിക്കുന്നവരേയും പ്രദേശത്തുനിന്ന് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മീൻ പിടിക്കാൻ ശ്രമിക്കുന്നവരേയും തടയുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു

Follow Us:
Download App:
  • android
  • ios