കോട്ടയം: ജന്മാനാട്ടിലെ സ്വീകരണത്തില്‍ വികാരാധീനനായി ഫാ ടോം ഉഴുന്നാലിന്‍. യമനില്‍ തനിക്കൊപ്പം സേവനമനുഷ്ട്ടിച്ച കന്യാസ്ത്രീകള്‍ വെടിയേറ്റ് മരിച്ചത് ഓര്‍ത്തപ്പോഴാണ് അദ്ദേഹം വിതുമ്പിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം രാമപുരത്തെ വീട്ടിലാണ് അദ്ദേഹം ഇന്നലെ രാത്രി തങ്ങിയത്.

ഒന്നരവര്‍ഷം മുന്‍പുണ്ടായ ആക്രമണത്തില്‍ മൂന്ന് കന്യാസ്ത്രീകളെ വധിച്ച ശേഷാണ് ഫ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയത്. ഈ സംഭവം അദ്ദേഹം ജന്മനാടായ രാമപുരത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ ഓര്‍ത്തെടുത്തു. തുടര്‍ന്ന് വിതുമ്പിയ അദ്ദേഹത്തെ വേദിയിലുണ്ടായിരുന്ന രണ്ട് വൈദികര്‍ ആശ്വസിപ്പിച്ചു. സ്വീകരണത്തിന് ശേഷം ജന്മഗൃഹത്തിലെത്തിയ അദ്ദേഹത്തെ സഹോദരനും സഹോദരയും കൂടി സ്വീകരിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ചു കുട്ടികള്‍ പൂക്കള്‍ നല്‍കി സ്‌നേഹം അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരിച്ചപ്പോഴാണ് ഉഴുന്നാലച്ചന്‍ ഈ വിട്ടിലെത്തിയത് തീവ്രവാദികളില്‍ നിന്നും മോചിതനായ ശേഷം ആദ്യമായി നാട്ടിലെത്തിയ അദ്ദേഹം സ്വന്തം വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പം അന്തിയുറങ്ങി. നേരത്തെ രാമപുരം പള്ളിയില്‍ ഫാ ടോം ഉഴുന്നാലിന്റെ നേതൃത്തില്‍ നടന്ന കുര്‍ബാനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രാമപുരത്ത് നിന്ന് തുറന്ന വാഹനത്തില്‍ പള്ളിയിലേക്ക് വന്ന ഉഴുന്നാലച്ചനെ ജന്മനാട്ടിലെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.