ഫ്രാന്‍സിന്‍റെ ലോകകപ്പ്ഫെെനല്‍ തോല്‍വിക്ക് ഇന്ന് 12 വയസ്

മോസ്കോ: കാലത്തെ കുറച്ച് പിന്നോട്ട് പായിക്കണം. 12 വര്‍ഷം മുമ്പ് ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനിലെ ഒളിമ്പ്യ സ്റ്റേഡിയത്തിലാണ് ഒരു ഇതിഹാസ താരത്തിന്‍റെ സ്വപ്നം ഒരുനിമിഷത്തെ മാനസിക പിരിമുറുക്കത്തില്‍ തകര്‍ന്ന് വീണത്. സിനദീന്‍ സിദാന്‍ എന്ന് മാന്ത്രികന്‍റെ വയസന്‍ പട്ടാളം ആ ലോക കിരീടം അത്രയേറെ അര്‍ഹിച്ചിരുന്നു.

ഒരു സാധ്യതയും ആരും കൊടുക്കാതിരുന്ന ഒരു ടീം ഫെെനല്‍ വരെ എത്തണമെങ്കില്‍ അവര്‍ ഒരു കിരീട വിജയത്തിനായി എത്രത്തോളം ദാഹിച്ചിരിക്കും. അന്നും ഒരു ജൂലെെ ഒമ്പതായിരുന്നു. വര്‍ഷങ്ങള്‍ 12 പിന്നിട്ടിട്ടും സിദാന്‍റെ പ്രൗഡിയില്‍ വിരിഞ്ഞ നീക്കങ്ങളും ഫെെനല്‍ വരെയുള്ള കുതിപ്പും കളി പ്രേമികളുടെ കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല.

മാര്‍ക്കോ മറ്റാരാസിയുടെ പ്രകോപനപരമായ വാക്കുകളില്‍ ഇതിഹാസം സാധാരണ മനുഷ്യനായി മാറിയ ആ ഒരു നിമിഷം പിറന്നില്ലായിരുന്നെങ്കില്‍ ഫ്രാന്‍സിന്‍റെ കണക്കു പുസ്കത്തില്‍ ഇന്ന് രണ്ടു ലോക കിരീടങ്ങളുടെ പകിട്ട് ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. മറ്റാരാസിയുടെ നെഞ്ചില്‍ തലകൊണ്ട് ഇടിച്ച് ചുവപ്പ് കാര്‍ഡ് വാങ്ങി ആ മനുഷ്യന്‍ നടന്നകലുമ്പോള്‍ മാനസികമായി ഫ്രാന്‍സ് തോല്‍വി സമ്മതിച്ചിരുന്നു.

എക്സ്‍ട്രാ ടെെമിന്‍റെ ബാക്കി സമയവും ഷൂട്ടൗട്ടും പിന്നെ വെറും ചടങ്ങു തീര്‍ക്കലായി മാത്രം മാറി. 12 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ലോകകപ്പിന്‍റെ സെമിയില്‍ നാളെ ഫ്രാന്‍സ് കളത്തിലിറങ്ങുകയാണ്. സിദാന് ശേഷം പിറന്ന ഏറ്റവും മികച്ച കളിക്കാരുടെ കൂട്ടമായാണ് ഹ്യൂഗോ ലോറിസും കൂട്ടരും വാഴ്ത്തപ്പെടുന്നത്.

ആ വിലയിരുത്തലുകള്‍ ശരിയാണെന്ന് തെളിയിക്കണമെങ്കില്‍ ബെല്‍ജിയത്തിന്‍റെ കരുത്തായ സുവര്‍ണ തലമുറയെ ഫ്രഞ്ച് പടയ്ക്ക് കീഴടക്കിയേ മതിയാകൂ. പിന്നെ ഒരു മത്സരം കൂടി മാത്രം. മോസ്കോയിലെ ലൂഷ്നിക്കി സ്റ്റേഡിയത്തില്‍ ലോകകപ്പിന്‍റെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ചിരി വിടരുന്നത് എംബാപെയ്ക്കും ഗ്രീസ്മാനുമൊക്കെയാണെങ്കില്‍ ചരിത്രം സിദാന് നിഷേധിച്ച് ആ തങ്ക കിരീടത്തെ കാലം ഫ്രാന്‍സിന് തിരിച്ചു നല്‍കിയെന്ന് ആരാധകര്‍ക്ക് വാഴ്ത്താനാകും.