സമാനതയില്ലാത്ത മനുഷ്യക്കുരുതിക്കാണ് കഴിഞ്ഞ ദിവസം നീസ് നഗരം സാക്ഷ്യം വഹിച്ചത്. ദേശീയ ദിനാഘോഷത്തിനെത്തിയ ആയിരക്കണക്കിനാളുകളുകള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറിയപ്പോള്‍ 84 ജീവനുകളാണ് പൊലിഞ്ഞത്. 200ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ 54 പേരുടെ നില അതീവ ഗുരുതരമാണ്. സംഭവ സ്ഥലത്ത് തന്നെ വെടിവച്ചു കൊന്ന അക്രമി ടുണിഷ്യന്‍ സ്വദേശിയായ മൊഹമ്മദ് ലഹൗജ് ബോല്‍ ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ട് കിലോമീറ്റരോളം ഇയാള്‍ ട്രക്ക് ഓടിച്ചു. തടയാനെത്തിയ പൊലീസിനെതിരെ നിറയൊഴിച്ചു. 

ട്രക്കില്‍ നിന്നും കണ്ടെത്തിയ തോക്കുകളും ഗ്രനേഡുകളും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്നും സൈക്കിളും മൊബൈല്‍ഫോണും ചില രേഖകളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും നിര്‍ണ്ണായക തെളിവുകളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റാണ് പിന്നിലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഫ്രാന്‍സിലെ പ്രധാന നഗരങ്ങലെല്ലാം അതീവ ജാഗ്രതയിലാണ്. രാജ്യത്തെ അടിയന്തരാവസ്ഥ മൂന്ന് മാസത്തേക്ക് നീട്ടിയ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.