പെറുവിനെ ഒരു ഗോളിനാണ് ഫ്രാന്‍സ് മറികടന്നത്.

മോസ്‌കോ: ഗ്രീസ്മാനും സംഘവും ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക്. ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തിയത്. പെറുവിനെ ഒരു ഗോളിനാണ് ഫ്രാന്‍സ് മറികടന്നത്. കില്യാന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ഏക ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ ലാറ്റിനമേരിക്കന്‍ ടീമായ പെറു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമണ ഫുട്‌ബോളിലൂടെ മുന്നേറിയ ഫ്രാന്‍സിന് വേണ്ടി മുപ്പത്തിയഞ്ചാം മിനിട്ടിലാണ് എംബാപ്പെ വലകുലുക്കിയത്. ഒളിവര്‍ ജിറൂദിന്റെ മുന്നേറ്റത്തിനൊടുവിലാണ് എംബാപ്പെ ഗോള്‍ നേടിയത്.

ജയം അനിവാര്യമായതുക്കൊണ്ട് തന്നെ പെറു മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടുതലായിരുന്നു. മത്സരത്തില്‍ 56 ശതമാനവും പെറുവിന്റെ കാലിലായിരുന്നു പന്ത്. മൂന്ന് തവണ ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുതിര്‍ക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുമായിട്ടാണ് പെറുവിന്റെ അടുത്ത മത്സരം.