അന്ന് ആഫ്ടര്‍ 20 എന്ന പരസ്യം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ കലാശപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണുള്ളത്. വിശ്വ കിരീടത്തിനായി ഫ്രാന്‍സും ക്രൊയേഷ്യയും ഏറ്റുമുട്ടുകയാണ്. 20 വര്‍ഷത്തിന് ശേഷമാണ് ഫ്രാന്‍സ് ലോക കിരീടത്തില്‍ മുത്തമിടാന്‍ കാത്തുനില്‍ക്കുന്നത്. 1998 ല്‍ സിദാന്‍റെ നേതൃത്വത്തില്‍ കിരീടം നേടിയ ഫ്രാന്‍സിന് പുതു തലമുറയുടെ കുതിപ്പില്‍ വിശ്വാസമാണ്.

പക്ഷെ 20 ന്‍റെ കണക്കില്‍ പിഴച്ച സൗരവ് ഗാംഗുലിയുടെ ടീം ഇന്ത്യയുടെ ഗതിയാകുമോ ഫ്രഞ്ച് പടയ്ക്ക് എന്നതാണ് അറിയാനുള്ള മറ്റൊരു കാര്യം. 1983 ല്‍ ക്രിക്കറ്റിലെ വിശ്വ കിരീടം കപിലിന്‍റെ ചെകുത്താന്‍മാര്‍ ഇന്ത്യയിലെത്തിച്ചതിന് ശേഷം ദാദയുടെ ഇന്ത്യയാണ് ലോകകിരീടത്തിനായി ഏറ്റുമുട്ടിയത്. 1983 ന് ശേഷം 20 വര്‍ഷം കാത്തിരുന്ന ശേഷമായിരുന്നു അത്.

അന്ന് ആഫ്ടര്‍ 20 എന്ന പരസ്യം വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കപിലിന്‍റെ ചെകുത്താന്‍മാര്‍ ലോക കിരീടം നേടിയ 1983 കുട്ടികളായിരുന്ന ഗാംഗുലിയും യുവരാജും സഹീറുമെല്ലാം ലോക കിരീടം ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു പരസ്യത്തിന്‍റെ അന്തസത്ത. എന്നാല്‍ റിക്കി പോണ്ടിംഗ് എന്ന നായകന്‍റെ കരുത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ നിഷ്പ്രഭമാക്കി കിരീടത്തില്‍ മുത്തമിട്ടു.

20 വര്‍ഷത്തിന്‍റെ ആഘോഷത്തില്‍ സമാനമാണ് ഫ്രാന്‍സിലും കാര്യങ്ങള്‍. അന്ന് കുട്ടികളായിരുന്ന ഗ്രീസ്മാനും പോഗ്ബയും ജിറൗഡും ജനിച്ചിട്ടുപോലുമില്ലാത്ത എംബാപ്പയുമെല്ലാം ചേര്‍ന്ന് ഫ്രാന്‍സില്‍ കിരീടമെത്തിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. സൗരവിന്‍റെ ടീം ഇന്ത്യയ്ക്കുണ്ടായ ദുര്‍വിധി ഫ്രാന്‍സിന്‍റെ പുതു രക്തങ്ങള്‍ക്കുണ്ടാകരുതെയെന്ന പ്രാര്‍ത്ഥനയിലാണ് ഇന്ത്യയിലെ ഫ്രഞ്ച് ഫുട്ബോള്‍ ആരാധകര്‍.

ഓസ്ട്രേലിയയെ പോലെ കരുത്തരല്ല ക്രൊയേഷ്യ എന്നതും അവര്‍ക്ക് പ്രതീക്ഷയേകുന്നതാണ്. എന്തായാലും ദാദയുടെ ഇന്ത്യക്ക് കിട്ടിയ പണി ഫ്രാന്‍സിന് കിട്ടുമോയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം മതി.