കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രാമധ്യേയാണ് ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന ഉണ്ടായത്. 

കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രാമധ്യേയാണ് ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന ഉണ്ടായത്. തുടര്‍ന്ന് ബിഷപ്പുമായി സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹം കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കാതെ നേരിട്ട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു. 

കോട്ടയം മെഡി.കോളേജിലെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യാത്രാമധ്യേ നെഞ്ചുവേദന ഉണ്ടെന്ന് ബിഷപ്പ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ നേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാവും ബിഷപ്പിനെ എവിടെ പാര്‍പ്പിക്കണം എന്ന കാര്യം പൊലീസ് തീരുമാനിക്കും.

എന്നാല്‍ നെഞ്ചുവേദനയുമായി ഒരു രോഗിയെ അഡ്മിറ്റ് ചെയ്താല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനാവൂ എന്നാണ് ലഭിക്കുന്ന സൂചന. ഇസിജി ടെസ്റ്റും ആവശ്യമെങ്കില്‍ മറ്റു പരിശോധനകളും നടത്തിയ ശേഷമേ ബിഷപ്പിനെ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്യൂ.

അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നും ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും ബിഷപ്പ് പറഞ്ഞതായാണ് സൂചന. ഇതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു വിടാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയായിരുന്നു. നിലവിലെ സംഭവവികാസങ്ങള്‍ ഡിവൈഎസ്പി മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്.

ബിഷപ്പിനെ ഇന്നു രാത്രി പൊലീസ് ക്ലബില്‍ താമസിപ്പിക്കാനും നാളെ രാവിലെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്‍റെ പദ്ധതി. ഇതിനിടെയാണ് അപ്രതീക്ഷിതമായി ബിഷപ്പിന് നെഞ്ചുവേദനയുണ്ടായത്.വിവരമറിഞ്ഞതിനെ തുടര്‍ന്ന് കോട്ടയം പൊലീസ് ക്ലബില്‍ ബിഷപ്പിനെ കാത്തിരിക്കുകയായിരുന്ന എസ്.പി ഹരിശങ്കര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.