ബിഷപ്പിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ ദില്ലി ആർച്ച് ബിഷപ്പിന് കത്തു നൽകി

ദില്ലി: ബലാത്സംഗക്കേസിൽ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പദവിയിൽ നിന്ന് മാറി നിൽക്കണമെന്ന് ജലന്തർ രൂപതയിലെ ഒരുവിഭാഗം വൈദികർ. ബിഷപ്പ് കൂടി പങ്കെടുത്ത യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇവർ ദില്ലി ആർച്ച് ബിഷപ്പിന് കത്തും നൽകി.

ജലന്ധറിലെ ബിഷപ്പ് ഹൗസിൽ ചേർന്ന പുരോഹിതർക്കായുള്ള മാസധ്യാനത്തിലാണ് ഒരു വിഭാഗം വൈദികർ അന്വേഷണം തീരും വരെ ബിഷപ്പ് മാറി നിൽക്കണം എന്ന ആവശ്യം ഉന്നയിച്ചത്. തനിക്കെതിരെ കന്യാസ്ത്രീ പരാതി നൽകിയ കാര്യം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ യോഗത്തെ അറിയിച്ചപ്പോഴായിരുന്നു ഇത്. വിവാദം സഭയുടെ ഇമേജിനെ ഗുരുതരമായി ബാധിച്ചുവെന്നും വിശ്വാസി സമൂഹം ഇതിന്റെ പേരിൽ നാണക്കേട് സഹിക്കുകയാണെന്നും ഒരു ഇടവക വികാരി പറഞ്ഞു.

ഇദ്ദേഹത്തെ പിന്തുണച്ച് ഒരു വിഭാഗം വൈദികർ എഴുന്നേറ്റു. മറുപടിയുമായി ബിഷപ്പിനെ പിന്തുണയ്ക്കുന്നവരും എഴുന്നേറ്റതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. ആരോപണങ്ങളുടെ പേരിൽ മാത്രം രാജിവെക്കില്ലെന്ന് ബിഷപ്പും പ്രതികരിച്ചു. ഒടുവിൽ വികാരി ജനറൽ മാത്യു കോക്കണ്ടം ഇടപെട്ട് രംഗം ശാന്തമാക്കുകയായി രുന്നു. തുടർന്നാണ് ഒരു വിഭാഗം വൈദികർ ഈ ആവശ്യം ഉന്നയിച്ച് ദില്ലി ആർച്ച് ബിഷപ്പ് അനിൽ കുട്ട്വോക്ക് കത്തയച്ചത്.ചിലർ ഫോണിലും പരാതി അറിയിച്ചു