കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ഇന്ന് ഉണ്ടാവില്ല. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യല്‍ നാളെയും തുടരും.

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ഇന്ന് ഉണ്ടാവില്ല. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടരുന്നു. ചോദ്യം ചെയ്യല്‍ നാളെയും തുടരും.

ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപദേശം തേടിയിരുന്നു. മധ്യമേഖലാ ഐജി വിജയ് സാഖറെ ഹൈക്കോടതിയില്‍ എത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, പൊലീസ് അന്വേഷണം നേരിടുന്ന ബിഷപ്പിനെ തല്‍സ്ഥാനത്ത് നിന്ന് താല്‍കാലികമായി മാറ്റി. ഫ്രാങ്കോ മുളയ്ക്കല്ലിന് പകരം ജലന്ധര്‍ ബിഷപ്പിന്‍റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായമൈത്രാനായിരുന്ന ആഗെ്നോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി വത്തിക്കാന്‍ ഉത്തരവ് ഇറക്കി. ദില്ലിയിലെ വത്തിക്കാന്‍ കാര്യാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അഭ്യര്‍ത്ഥ പ്രകാരമാണ് ഇത്തരമൊരു ഭരണമാറ്റം വരുത്തുന്നതെന്ന് വത്തിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ ചുമതലകളില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കത്തു നല്‍കിയിരുന്നു. 

തനിക്ക് കേരളത്തിലേക്ക് പോകണമെന്നും കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവുമായി സഹകരിക്കേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന്‍റെ ചുമതലകള്‍ മറ്റാര്‍ക്കെങ്കിലും നല്‍കണം എന്നാണ് ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അദ്ദേഹത്തിന്‍റെ അറസ്റ്റ് ഉടനെയുണ്ടായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തെ നിലവിലെ ചുമതലകളില്‍ നിന്നും മാറ്റിയത്.